twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനസ്സില്‍തൊടുന്ന സിനിമ ഇല്ലാതാകുന്നത് സ്വാഭാവികം - ലോഹിതദാസ്

    By Staff
    |

    മനസ്സില്‍തൊടുന്ന സിനിമ ഇല്ലാതാകുന്നത് സ്വാഭാവികം - ലോഹിതദാസ്
    ജനവരി 11, 2001

    കൊച്ചി: ആര്‍ദ്രമായതൊക്കെ അന്യമാകുന്ന സമൂഹത്തില്‍ മനസില്‍ തൊടുന്ന സിനിമകള്‍ ഇല്ലാതാകുന്നത് സ്വാഭാവികമാണെന്ന് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ. ലോഹിതദാസ്.

    ആര്‍ദ്രഭാവങ്ങള്‍ സിനിമയില്‍ മാത്രമല്ല കഥയിലും കവിതയിലും മ്ലേച്ഛമായി കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ കാലത്തോടും ജീവിതത്തോടും സത്യസന്ധമായി പ്രതികരിക്കുന്ന സിനിമകളോട് ആകര്‍ഷണം കുറഞ്ഞുവരികയാണ്. എം.ജി. സര്‍വകലാശാലാ യൂണിയന്‍ സംഘടിപ്പിച്ച സഞ്ചരിക്കുന്ന ചലച്ചിത്രോത്സവം ജനവരി 10 ബുധനാഴ്ച എറണാകുളം ലോ കോളേജില്‍ ഉദ്ഘാടനം ചെയ്യവെ ലോഹിതദാസ് ചൂണ്ടിക്കാട്ടി.

    സംഗീതത്തില്‍ പോലും ഹൃദയത്തില്‍ തൊടുന്ന ഈണങ്ങളില്‍ ആര്‍ക്കും താല്പര്യമില്ല. രോമഹര്‍ഷം പകരുന്ന താളങ്ങളോടാണ് ഇന്ന് പ്രിയം. ഒരു തുള്ളലിലേക്ക് നയിക്കുന്നതാകണം പാട്ട് എന്നതാണ് ഇന്നത്തെ ധാരണ. സമൂഹത്തിലെ ഈ പ്രതികരണങ്ങള്‍ തന്നെയാണ് കാമ്പസിലും കാണുന്നത് - ലോഹിതദാസ് പറഞ്ഞു.

    മലയാളത്തില്‍ ആര്‍ട് സിനിമയായി വിശേഷിപ്പിക്കപ്പെടുന്ന ബുദ്ധിജീവി സിനിമകള്‍ തരിമ്പ് പോലും അനുഭവസ്പര്‍ശം പകരാന്‍ കഴിയാത്തവയാണ്. ചിന്തയുടെ പുതിയ തലങ്ങളിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകാനും അവയ്ക്ക് കഴിയില്ല. കലയും വ്യവസായവും ഇഴുകിച്ചേരുന്നതാണ് സിനിമ. കഥയും സിനിമയും ഇന്ന് അങ്ങനെയായി കഴിഞ്ഞു.

    കൂടുതല്‍ പേര്‍ കാണുന്നതും വായിക്കുന്നതും മോശമാണെന്ന കാഴ്ചപ്പാട് പുലര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. കാലത്തിന്റെ രസബോധം മാറിയിരിക്കുന്നു. അതുള്‍ക്കൊണ്ട് ലളിതമായി വിനീതമായി എന്ത് ചെയ്യാനാകും എന്നാണ് ചലച്ചിത്രകാരന്മാര്‍ ചിന്തിക്കേണ്ടത്. ഈ രസബോധം തനിക്ക് രുചിക്കുംപോലെ മാറിയിട്ടേ സിനിമയെടുക്കൂ എന്ന നിലപാടില്‍ അര്‍ത്ഥമില്ല.

    കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് മുഖ്യാതിഥിയായിരുന്നു. നടി കുക്കു പരമേശ്വരന്‍, ലോ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. നാരായണിക്കുട്ടി, സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ ബി. സേതുരാജ്, ജനറല്‍ സെക്രട്ടറി എല്‍ദോ മാത്യൂസ് തുടങ്ങിയവര്‍ സംസാരിച്ചു. ചലച്ചിത്ര അക്കാദമിയുടെയും സിഡിറ്റിന്റെയും സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. സര്‍വകലാശാലയ്ക്ക് കീഴിലുള്ള പത്ത് കോളേജുകളില്‍ പ്രദര്‍ശനം നടക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X