സത്യപ്രതാപന്‍: മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രം
സത്യപ്രതാപന്‍: മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രം
ജനവരി 11, 2003
ഏത് ആണിന്റെ വിജയത്തിന് പിന്നിലും ഒരു പെണ്ണുണ്ടെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ എസ്പി എന്നറിയപ്പെടുന്ന സത്യപ്രതാപന്‍ എന്ന വ്യവസായ പ്രമുഖന്‍ അങ്ങനെ വിശ്വസിക്കുന്നില്ല. ഏത് ആണിന്റെ പരാജയത്തിന് പിന്നിലും ഒരു പെണ്ണുണ്ടെന്നാണ് സത്യപ്രതാപന്റെ വിശ്വാസം.
ഈ വിശ്വാസം ഒരു സിദ്ധാന്തമായി കൊണ്ടുനടക്കുന്ന സത്യപ്രതാപന്‍ അതുകൊണ്ടുതന്നെ വിവാഹത്തോടും പുറംതിരിഞ്ഞുനിന്നു. വിവാഹ ജീവിതത്തോട് അയാള്‍ക്ക് ഒരു താത്പര്യവുമില്ല. മധ്യവയസിലെത്തി നില്‍ക്കുകയാണെങ്കിലും ജീവിതത്തില്‍ ഒരു പെണ്ണുവേണമെന്ന തോന്നല്‍ അയാള്‍ക്ക് ഇതുവരെ ഉണ്ടായിട്ടില്ല.
ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നുവന്നിട്ടുള്ളയാളാണ് സത്യപ്രതാപന്‍. അതുകൊണ്ടാവാം തന്റെ വ്യവസായ ശൃംഖല കൂടുതല്‍ വിപുലമാക്കണമെന്ന ചിന്ത മാത്രമേ അയാള്‍ക്കുള്ളൂ. ബിസിനസാണ് അയാള്‍ക്ക് എല്ലാം. ബിസിനസിനെയാണ് അയാള്‍ പരിണയിച്ചിരിക്കുന്നത്.
സിദ്ദിക്കിന്റെ പുതിയ ചിത്രത്തിലാണ് സത്യപ്രതാപന്‍ എന്ന ക്രോണിക്ക് ബാച്ചിലറെ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ ഒരു വ്യത്യസ്ത കഥാപാത്രത്തിന് രൂപം നല്‍കുകയാണ് സിദ്ദിക്ക് ക്രോണിക് ബാച്ചിലര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍.
സത്യപ്രതാപന്‍ എന്ന കഥാപാത്രം മങ്ങലേറ്റ തന്റെ ഇമേജ് മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി. ഫാന്റം പൈലിക്ക് ശേഷം ഒരു ഇടവേള പിന്നിട്ടാണ് മമ്മൂട്ടി സിദ്ദിക്കിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ചിത്രത്തില്‍ മുകേഷും ഇന്നസെന്റും ജനാര്‍ദനനും ഹരിശ്രീ അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നായിക ഹിന്ദിയില്‍ നിന്നാണ്. മോഹന്‍ അയിരൂര്‍ എന്ന ഒരു പുതുമുഖം വില്ലനായെത്തുന്നു.
മുന്‍ചിത്രങ്ങളിലേതു പോലെ പുതിയ ചിത്രത്തിനും സിദ്ദിക്ക് തന്നെയാണ് തിരക്കഥ രചിക്കുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം പകരുന്നു.


Click it and Unblock the Notifications