»   » കൃഷ്ണലീല കാര്‍വര്‍ണനായി

കൃഷ്ണലീല കാര്‍വര്‍ണനായി

Posted By:
Subscribe to Filmibeat Malayalam

കൃഷ്ണലീല കാര്‍വര്‍ണനായി
ജനവരി 11, 2004

ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരുമാറ്റം. കൃഷ്ണലീല എന്നാണ് ചിത്രത്തിന്റെ പേര് നേരത്തെ അനൗണ്‍സ് ചെയ്തിരുന്നത്. ഇപ്പോള്‍ പേര് കാര്‍വര്‍ണന്‍ എന്നായി.

കൃഷ്ണലീല എന്ന പേരില്‍ കമലഹാസന്‍ നായകനാവുന്ന ഒരു തമിഴ് ചിത്രം ഒരുങ്ങുന്നുണ്ട്. അതാണ് പ്രിയന്‍-ദിലീപ് ചിത്രത്തിന്റെ പേരുമാറ്റത്തിന് കാരണമായത്.

തന്റെ മുന്‍ചിത്രങ്ങളിലെന്നതു പോലെ ഒരു അന്യഭാഷാ നടിയെയാണ് പ്രിയദര്‍ശന്‍ കാര്‍വര്‍ണനിലും നായികയാക്കുന്നത്. മുംബൈ മോഡലും തെലുങ്ക് നടിയുമായ ഭാവനാപുരിയാണ് ചിത്രത്തിലെ നായിക. മലയാളത്തില്‍ മറ്റൊരു ഭാവനയുളളതു കൊണ്ട് നടിയുടെ പേര് മാറ്റിയേക്കും.

കാമുകന്റെ കല്യാണം മുടക്കാന്‍ പോവുന്ന ഒരു പെണ്‍കുട്ടിയെയും യാത്രാമധ്യേ അവളോടൊപ്പം ചേരുന്ന ഒരു കള്ളനെയും ചുറ്റിപ്പറ്റിയാണ് കാര്‍വര്‍ണന്റെ കഥ വികസിക്കുന്നത്. മുന്‍പ്രിയന്‍ ചിത്രങ്ങളെ പോലെ ഒരു മുഴുനീള ചിരിപ്പടമാണ് കാര്‍വര്‍ണനും.

മലയാളത്തില്‍ ചിത്രങ്ങളുടെ പേരുമാറ്റം ഒരു പതിവായിട്ടുണ്ട്. ഈ വര്‍ഷം പേരു മാറുന്ന ആദ്യത്തെ ചിത്രം പ്രിയന്‍ ചിത്രമാണെന്നു മാത്രം. കഴിഞ്ഞ വര്‍ഷം മൂന്ന് ചിത്രങ്ങളാണ് പേരുമാറി തിയേറ്ററിലെത്തിയത്.

കമലിന്റെ കൂട് സ്വപ്നക്കൂട് ആയും നവോദയയുടെ ത്രിഡി ചിത്രം ലിറ്റില്‍ മജീഷ്യന്‍ മാജിക് മാജിക് ആയും മാറി. ഷാഫിയുടെ ചിത്രത്തിന്റെ പേര് ഒരു വിവാദത്തെ തുടര്‍ന്നാണ് പുലിവാല്‍ കല്യാണം ആയത്. ആദ്യം ഈ ചിത്രത്തിനിട്ട ഹനുമാന്‍ ജംഗ്ഷന്‍ എന്ന പേര് വിവാദമുണ്ടാക്കി. ലോഹിതദാസിന്റെ ചക്രം തര്‍ക്കങ്ങളെ തുടര്‍ന്ന് കള്ളച്ചൂത് ആയെങ്കിലും തിയേറ്ററുകളിലെത്തുമ്പോള്‍ വീണ്ടും ചക്രം തന്നെയായി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X