ചെറുകിട ചിത്രങ്ങള്‍ക്ക് വിതരണക്കാരില്ല
ചെറുകിട ചിത്രങ്ങള്‍ക്ക് വിതരണക്കാരില്ല
ജനവരി 11, 2006
സൂപ്പര്‍താര ചിത്രങ്ങള്‍ മാത്രം വിജയമാവുന്ന പ്രവണത ചെറുകിട ചിത്രങ്ങള്‍ക്ക് തിരിച്ചടിയാവുന്നു. യുവതാരങ്ങളുടെ ചിത്രങ്ങള്‍ക്കു പുറമെ ജയറാമിനെ പോലുള്ള മുതിര്‍ന്ന നടന്‍മാര്‍ അഭിനയിച്ച ചിത്രങ്ങള്‍ക്കു പോലും വിതരണക്കാരെ കിട്ടാനില്ലെന്നതാണ് സ്ഥിതി.
ജയറാം ചിത്രം വിന്റര്‍, ജയസൂര്യയും കുഞ്ചാക്കോ ബോബനും നായകന്‍മാരായ കിലുക്കം കിലുകിലുക്കം തുടങ്ങിയ ചിത്രങ്ങളാണ് വിതരണക്കാരെ കിട്ടാതെ പ്രതിസന്ധി നേരിടുന്നത്. പ്രമുഖവിതരണക്കാരൊന്നും ഈ ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ല. വിതരണക്കാരെ കിട്ടാത്താതു കാരണം പൃഥ്വിരാജ് നായകനായ നമ്മള്‍ തമ്മില്‍ പോലുള്ള ചിത്രങ്ങള്‍ ഒരു വര്‍ഷത്തിലേറെയായി പെട്ടിയില്‍ കിടക്കുകയാണ്.
നിര്‍മാതാക്കള്‍ നേരിട്ട് ചിത്രങ്ങള്‍ വിതരണത്തിനെത്തിക്കാന്‍ ഒരുങ്ങിയാലും തിയേറ്റര്‍ ഉടമകള്‍ ഇത്തരം ചിത്രങ്ങളോട് വിമുഖത കാണിക്കുകയാണ്. സൂപ്പര്‍താര ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ഇവര്‍ മുന്‍ഗണന നല്‍കുന്നത് തമിഴ് ചിത്രങ്ങള്‍ക്കാണ്. ചെറുകിട ചിത്രങ്ങളേക്കാള്‍ തമിഴ് ചിത്രങ്ങള്‍ക്കാണ് കളക്ഷന്‍ കിട്ടുന്നതെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്.
സൂപ്പര്‍താരങ്ങളും വലിയ ബാനറുകളുമുള്ള ചിത്രങ്ങള്‍ക്കു മാത്രമേ അതിജീവിക്കാനാവൂ എന്ന സ്ഥിതിയാണ് ഇപ്പോള്‍ മലയാളത്തിലുള്ളത്. ചെറുകിടക്കാരും പുതുമുഖങ്ങളുമായ നിര്‍മാതാക്കള്‍ അതുകൊണ്ടുതന്നെ പുതിയ ചിത്രങ്ങള്‍ക്കു മുടക്കുമുതലിറക്കാന്‍ മടിക്കുന്നു.


Click it and Unblock the Notifications