ചന്ദ്രന്‍ വിളിച്ചിട്ടും മീര പോയില്ല
ചന്ദ്രന്‍ വിളിച്ചിട്ടും മീര പോയില്ല
ജനവരി 12, 2006
വീട്ടുകാരുമായുള്ള പ്രശ്നങ്ങള്‍ മീരാ ജാസ്മിനെ ഇടക്കാലത്ത് വാര്‍ത്താകേന്ദ്രമാക്കിയിരുന്നു. അതിനു മുമ്പും ശേഷവും സംവിധായകന്‍ ലോഹിതദാസുമായുള്ള ബന്ധത്തെ ചൊല്ലി വിവാദം കൊഴുകൊഴുത്തു. വിവാദങ്ങള്‍ മീരയുടെ കൂടപ്പിറപ്പാണെന്ന് തോന്നുന്നു. ഇപ്പോഴിതാ വീട്ടുകാര്‍ക്കു പിന്നാലെ ഒരു സംവിധായകന്‍ കൂടി മീരക്കെതിരെ പ്രസ്താവനയുമായി രംഗത്ത്.
ടി.വി.ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മീരാ ജാസ്മിന് ദേശീയ അവാര്‍ഡ് കിട്ടുന്നത്. ശോഭനയ്ക്കു ശേഷം ഉര്‍വശി അവാര്‍ഡ് മലയാളത്തിലേക്ക് കൊണ്ടുവന്ന മീരാ ജാസ്മിന് ഈ ചിത്രം നേടിക്കൊടുത്ത പ്രശംസയും പ്രശസ്തിയും കുറച്ചൊന്നുമായിരുന്നില്ല. ഈ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ലക്ഷങ്ങള്‍ പ്രതിഫലം കിട്ടുന്ന തമിഴ് ചിത്രത്തിന് ഡേറ്റ് നല്‍കാമെന്ന വീട്ടുകാരുടെ ഉപദേശം ചെവികൊള്ളാതെയാണത്രെ മീര ടി.വി.ചന്ദ്രന്റെ ക്ഷണം സ്വീകരിച്ചത്. ആ തീരുമാനം മീരക്ക് ദേശീയ അംഗീകാരത്തിലേക്കുള്ള വഴിയുമായി.
എന്നാല്‍ ഇപ്പോള്‍ ടി.വി.ചന്ദ്രന്‍ തന്നെ മീരയ്ക്കെതിരെ പ്രസ്താവനയിറക്കിയിരിക്കുന്നു. തന്റെ ആട്ടംകൂത്ത് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ ചന്ദ്രന്‍ വിളിച്ചിട്ടും മീര പോയില്ലത്രെ. പല തവണ വിളിച്ചിട്ടും ചന്ദ്രന്റെ ക്ഷണം മീര സ്വീകരിച്ചില്ലത്രെ. ഇത് നന്ദികേടാണെന്നാണ് ചന്ദ്രന്‍ പറയുന്നത്. മീര ക്ഷണം സ്വീകരിക്കാത്തതുകൊണ്ടാണത്രെ നവ്യാനായരെ ഈ ചിത്രത്തില്‍ നായികയാക്കിയത്.
വീട്ടുകാരുടെ വിലക്ക് വകവയ്ക്കാതെ ചന്ദ്രന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോയ മീര ഇപ്പോള്‍ ചന്ദ്രന്റെ പഴി കേള്‍ക്കുന്നു. വിവാദങ്ങള്‍ ഈ നടിയുടെ കൂടപ്പിറപ്പാണോ?


Click it and Unblock the Notifications