twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ വീണ്ടും പ്രേതങ്ങളിറങ്ങുന്നു

    By Staff
    |

    മലയാളത്തില്‍ വീണ്ടും പ്രേതങ്ങളിറങ്ങുന്നു
    ജനവരി 13, 2004

    മലയാള സിനിമയില്‍ വീണ്ടും ഒരു ഹൊറര്‍ ചിത്ര തരംഗം. പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രങ്ങളില്‍ പ്രേതങ്ങളെ പിടിച്ചുകെട്ടാന്‍ സൂപ്പര്‍താരങ്ങളും പ്രത്യക്ഷപ്പെടുന്നു.

    വിനയന്റെ ആകാശഗംഗയ്ക്ക് ശേഷം മലയാളത്തില്‍ ഒരു പ്രേതസിനിമാ തരംഗം ഉണ്ടായതാണ്. അന്ന് രണ്ടാംനിര താരങ്ങള്‍ അണിനിരക്കുന്ന ലോ ബഡ്ജറ്റ് ചിത്രങ്ങളാണ് പ്രേക്ഷകനെ പേടിപ്പിക്കാനെത്തിയതെങ്കില്‍ ഹൈടെക് ഗ്രാഫിക്സ് വിസ്മയങ്ങളും സൂപ്പര്‍താര സാന്നിധ്യവുമായി വന്‍ബജറ്റില്‍ ഒരുക്കുന്ന ഹൊറര്‍ ചിത്രങ്ങളാണ് ഇപ്പോഴെത്തുന്നത്.

    വിനയന്റെ വെള്ളിനക്ഷത്രം, സാബു സിറിള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാവുന്ന അനന്തഭദ്രം, ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രം എന്നിവയാണ് പ്രേക്ഷകരെ വീണ്ടും പ്രേതഭീതിയിലാഴ്ത്താനെത്തുന്നത്.

    ആകാശഗംഗയുടെ വിജയം ആവര്‍ത്തിക്കാനായി വിനയന്‍ ഒരുക്കുന്ന വെള്ളിനക്ഷത്രംത്തിന്റെ പ്രേതകഥയ്ക്ക് വ്യത്യസ്തതയുണ്ട്. നാലര വയസുള്ള ഒരു കുട്ടിയാണ് ഈ ചിത്രത്തില്‍ യക്ഷിയാവുന്നത്. ഈ കുട്ടിയുണ്ടാക്കുന്ന വിസ്മയങ്ങളാണ് ചിത്രത്തിന്റെ കഥയെ ചലിപ്പിക്കുന്നത്. പൃഥ്വിരാജ് നായകനാവുന്ന വെള്ളിനക്ഷത്രത്തില്‍ മീനാക്ഷിയാണ് നായിക.

    കലാസംവിധായകനായ സാബു സിറിള്‍ അനന്തഭദ്രം എന്ന ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കിയണിയുകയാണ്. മലയാള മനോരമയുടെ ജനപ്രിയ നോവലിനുള്ള അവാര്‍ഡ് ലഭിച്ച സുനില്‍ പരമേശ്വരന്റെ അനന്തഭദ്രം എന്ന ഹൊറര്‍ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്.

    സാങ്കേതികമേന്മയെ മുന്‍നിര്‍ത്തി ഒരുക്കുന്ന ഈ ചിത്രം വ്യത്യസ്തമായ ഒരു ഹൊറര്‍ചിത്രാനുഭവം ആയിരിക്കുമെന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ പൃഥ്വിരാജും മീരാജാസ്മിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആദ്യമായാണ് മമ്മൂട്ടി ഒരു ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. മണിയന്‍പിള്ള രാജുവാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

    മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിന് പേരിട്ടിട്ടില്ല. ബാലേട്ടന്റെ തിരക്കഥാകൃത്ത് ടി. എ. ഷാഹിദ് തിരക്കഥ രചിക്കുന്ന ഈ ചിത്രത്തില്‍ ചാര്‍ളി എന്നൊരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

    മലയാളത്തില്‍ നേരത്തെയുണ്ടായ ഹൊറര്‍ തരംഗം നിര്‍മാതാക്കള്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കി കൊടുത്തിട്ടില്ല. ആകാശഗംഗ ഹിറ്റായതിനെ തുടര്‍ന്ന് ഇന്ദ്രിയം, ആറാമിന്ദ്രിയം, പകല്‍പൂരം, ഈ ഭാര്‍ഗവീനിലയം തുടങ്ങിയ ഹൊറര്‍ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഈ ചിത്രങ്ങളില്‍ പകല്‍പൂരം മാത്രമാണ് വിജയിച്ചത്.

    ടെലിവിഷന്‍ സീരിയലുകളില്‍ രാത്രി 10 മണിക്ക് പ്രേതങ്ങളിറങ്ങുന്ന പതിവും ഇപ്പോഴില്ല. പ്രേക്ഷകര്‍ക്ക് മടുത്തുതുടങ്ങിയതോടെ ഹൊറര്‍ സീരിയലുകളില്‍ പലതും അധികം നീട്ടാതെ നിര്‍ത്തേണ്ടിവന്നു. എങ്കിലും ബോളിവുഡിലേതു പോലുള്ള ഹൈടെക് ഹൊറര്‍ ചിത്രങ്ങള്‍ക്ക് പ്രേക്ഷകരെ കിട്ടുമെന്ന വിശ്വാസത്തിന്മേലാണ് അനുഭവസമ്പന്നന്‍മാരായ സംവിധായകര്‍ സൂപ്പര്‍താരങ്ങളെയും കൂട്ടുപിടിച്ചു പുതിയ ചിത്രങ്ങളുമായെത്തുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X