സുരേഷ് ഗോപി റൊമാന്റിക്കാവുന്നു!
സുരേഷ് ഗോപി റൊമാന്റിക്കാവുന്നു!
ജനവരി 16, 2006
സുരേഷ് ഗോപിയുടെ ആക്ഷന്‍ ചിത്രങ്ങളില്‍ സാധാരണ നായികക്കോ പ്രണയരംഗങ്ങള്‍ക്കോ വലിയ സ്ഥാനമില്ല. ഭരത്ചന്ദ്രന്‍ ഐപിഎസ് പോലുള്ള ചിത്രങ്ങളില്‍ സുരേഷ്ഗോപിക്ക് നായിക തന്നെയുണ്ടായിരുന്നില്ല. നായികയും നായകനും ചേര്‍ന്നുള്ള ഗാനരംഗങ്ങളാകട്ടെ സുരേഷ് ഗോപിയുടെ ആക്ഷന്‍ ചിത്രങ്ങളില്‍ ഉണ്ടാവാറേയില്ല.
എന്നാല്‍ ലങ്ക എന്ന ചിത്രത്തില്‍ ആ പതിവുകളെല്ലാം തെറ്റുകയാണ്. ആക്ഷന്‍ ചിത്രമാണെങ്കിലും തീക്ഷ്മണായ പ്രണയത്തിന്റെ അന്തര്‍ധാരയാണ് ചിത്രത്തിന്റെ പ്രമേയത്തെ മുന്നോട്ടുനയിക്കുന്നത്. സംഘട്ടനങ്ങള്‍ക്കും കിടിലന്‍ ഡയലോഗുകള്‍ക്കുമൊപ്പം നായകനും നായികയും ഇഴുകിച്ചേര്‍ന്നുള്ള ഒട്ടേറെ രംഗങ്ങളും ഈ ചിത്രത്തിലുണ്ട്. നായികാ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ തീര്‍ത്തും റൊമാന്റിക് മൂഡിലുള്ള ഒരു ഗാനരംഗവുമുണ്ട്.
മംമ്തയാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയാവുന്നത്. ക്യാപ്റ്റന്‍ ശ്രാവണ, ലങ്കാലക്ഷ്മി എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. ഏതാണ്ട് പൂര്‍ണമായും ശ്രീലങ്കയിലാണ് ചിത്രീകരിക്കുന്നത്.
ശ്രീലങ്കയിലേക്ക് അയച്ച ഇന്ത്യയുടെ സമാധാനസേനയിലെ നാവിക കമാന്ററായിരുന്ന ക്യാപ്റ്റന്‍ ശ്രാവണ്‍ തീര്‍ത്തും സാഹസനികനായ സൈനിക ഉദ്യോഗസ്ഥനാണ്. എന്നാല്‍ തന്റെ മനസിലൊരു രാവണനുണ്ടെന്ന തിരിച്ചറിവ് അയാളെ മറ്റൊരാളാക്കി മാറ്റി. അങ്ങനെയാണ് ശ്രാവണ്‍ രാവണനാവുന്നത്. അയാളുടെ ജീവിതത്തില്‍ വന്നുപെട്ട പെണ്‍കുട്ടി ലങ്കാലക്ഷ്മിയുമായി.
തീക്ഷ്ണമായ പ്രണയത്തിന്റെ ലാവാപ്രവാഹമായിരുന്നു രാവണന് സീതയോടുള്ള ബന്ധം. എന്നാല്‍ ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ അയാള്‍ വൈകാതെ അറിഞ്ഞതോടെ അയാളുടെ ജീവിതം മാറിമറിയുകയായിരുന്നു.
ടി.പി.മാധവന്‍, സുബൈര്‍, അഖില, മനുരാജ്, അര്‍ച്ചന, നിരഞ്ജന എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് എ.കെ.സാജനാണ്. ബി.ആര്‍.പ്രസാദിന്റെ ഗാനങ്ങള്‍ക്ക് ശ്രീനിവാസ് സംഗീതം നല്‍കുന്നു.


Click it and Unblock the Notifications