മമ്മൂട്ടിയുടെ അമ്മയാകാനും അന്യഭാഷാനടി
അന്യഭാഷയില്‍ നിന്നുള്ള നടിമാരെ നായികമാരാക്കാനാണ് മമ്മൂട്ടി കൂടുതലായും താത്പര്യപ്പെടുന്നത്. വല്ലപ്പോഴും മലയാളത്തിലെ നടിമാര്‍ മമ്മൂട്ടിയുടെ നായികമാരാവാറുണ്ടെങ്കിലും അന്യഭാഷയില്‍ നിന്നുള്ളവരാണ് കൂടുതലും മമ്മൂട്ടിയുടെ നായികമാരായി അഭിനയിക്കുന്നത്. ഇപ്പോള്‍ മമ്മൂട്ടിയുടെ അമ്മ വേഷം അഭിനയിക്കാനും മലയാളത്തിലെ നടിമാര്‍ പോരെന്ന സ്ഥിതിയാണോ?
മമ്മൂട്ടിയുടെ പോത്തന്‍വാവയില്‍ അമ്മയായി അഭിനയിച്ചത് ഉഷാ ഉതുപ്പാണ്. മലയാളിയാണെങ്കിലും കേരളവുമായി കാര്യമായ ബന്ധമൊന്നുമില്ലാതെ കൊല്‍ക്കത്തയില്‍ കഴിയുന്ന പോപ് ഗായികയാണ് ഉഷാ ഉതുപ്പ്. മലയാളത്തിലെ അമ്മ നടിമാരെയൊന്നും പരിഗണിക്കാതെയാണ് ഈ ചിത്രത്തില്‍ ഉഷാ ഉതുപ്പ് മമ്മൂട്ടിയുടെ അമ്മയായത്.
മമ്മൂട്ടിയുടെ പുതിയ ചിത്രമായ ബിഗ് ബിയിലും അമ്മവേഷം കെട്ടാന്‍ നടിയെ ഉത്തരേന്ത്യയില്‍ നിന്നാണ് കൊണ്ടുവരുന്നത്. നടിയും മോഡലും സാമൂഹികപ്രവര്‍ത്തകയുമായ മുന്‍ മിസ് ഇന്ത്യയുമായ നഫീസാ അലിയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കുന്നത്.
അരഡസനോളം ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള നഫീസാ അലി ശ്യാം ബെനഗലിന്റെ ജുനൂന്‍, അമിതാഭ് ബച്ചന്‍ നായകനായ മേജര്‍ സാബ് എന്നീ ചിത്രങ്ങളിലൂടെയാണ് നടിയെന്ന നിലയില്‍ ശ്രദ്ധേയയാവുന്നത്. വളരെ സെലക്ടീവായി മാത്രം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നഫീസാ അലി നീണ്ട ഇടവേളക്കു ശേഷമാണ് സിനിമയില്‍ വേഷമിടുന്നത്.


Click it and Unblock the Notifications