മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു
മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു
ജനവരി 19, 2006
ഒട്ടേറെ ഹിറ്റ് സിനിമകള്‍ നല്‍കിയ ജോഷി-മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ റംസാന്‍ ചിത്രമെന്ന നിലയില്‍ റിലീസ് ചെയ്യുന്ന വിധത്തിലായിരിക്കും ചിത്രത്തിന്റെ നിര്‍മാണം നടക്കുന്നത്.
പോത്തന്‍ വാവ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ക്രൈസ്തവ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ഇരുപത്തഞ്ചിലേറെ ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുള്ള ജോഷി-മമ്മൂട്ടി ടീമിന്റെ ഹിറ്റുകളില്‍ ക്രൈസ്തവ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന സംഘം പോലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.
ദുബായ് ആണ് ഇരുവരും ചേര്‍ന്നുള്ള ഒടുവിലത്തെ ചിത്രം. ആ ചിത്രം വിജയിച്ചില്ലെങ്കിലും തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് ജോഷിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത്. പരാജയങ്ങള്‍ പഴങ്കഥയാക്കി മമ്മൂട്ടി ഇപ്പോള്‍ തുടര്‍ച്ചയായ വിജയങ്ങളിലൂടെ മലയാളത്തിലെ ഏറ്റവും താരമൂല്യമേറിയ നടനാണ്. നരന്‍ പോലുള്ള ഹിറ്റുകളും റണ്‍വേ, മാമ്പഴക്കാലം തുടങ്ങിയ ശരാശശി വിജയങ്ങളുമായി ജോഷിക്കും കരിയറില്‍ മികച്ച സമയമാണ്.
ലാല്‍ ക്രിയേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. തൊമ്മനും മക്കളും എന്ന ചിത്രത്തിനു ശേഷം ലാല്‍ ക്രിയേഷന്‍സ് നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രമാണിത്.
ന്യൂഡല്‍ഹി, സൈന്യം, നായര്‍സാബ് തുടങ്ങി ഒരു പിടി ഹിറ്റ് ചിത്രങ്ങളാണ് ജോഷി-മമ്മൂട്ടി ടീം മലയാളത്തിനു സമ്മാനിച്ചിട്ടുള്ളത്. സൂപ്പര്‍താരമായുള്ള വളര്‍ച്ചയില്‍ മമ്മൂട്ടിയുടെ കരിയറില്‍ ജോഷി ചിത്രങ്ങള്‍ക്ക് പ്രധാന സ്ഥാനമാണുള്ളത്.


Click it and Unblock the Notifications