twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിന് നവ്യയെ വേണ്ട?

    By Staff
    |

    മലയാളത്തിന് നവ്യയെ വേണ്ട?
    ജനവരി 19, 2006

    മലയാളത്തില്‍ നവ്യാനായര്‍ക്ക് പഴയതു പോലെ ഇപ്പോള്‍ അവസരങ്ങളില്ല. ദിലീപിന്റെയും പൃഥ്വിരാജിന്റെയും ജയസൂര്യയുടെയും ജയറാമിന്റെയും നായികയായിട്ടുള്ള നവ്യക്ക് മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാന്‍ വരെ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍നിര നടന്‍മാരുടെ ഒരു ചിത്രവും ഇപ്പോള്‍ നവ്യക്ക് ലഭിക്കുന്നില്ല.

    കാവ്യാമാധവനെയും ഗോപികയെയും പുതിയ ചിത്രങ്ങളില്‍ വീണ്ടും നായികയാക്കാന്‍ ദിലീപ് താത്പര്യം കാണിക്കുമ്പോള്‍ നവ്യാനായര്‍ക്ക് അത്തരമൊരു പരിഗണന ലഭിക്കുന്നില്ല. ഇഷ്ടം, മഴത്തുള്ളിക്കിലുക്കം തുടങ്ങിയ തന്റെ ചിത്രങ്ങളിലെ നായികയെ വീണ്ടും ഒപ്പം അഭിനയിപ്പിക്കാന്‍ ദിലീപ് താത്പര്യം കാണിക്കുന്നില്ല.

    ചിത്രങ്ങള്‍ വലിയ വിജയം നേടുന്നില്ലെങ്കിലും ഇപ്പോഴും അവസരങ്ങള്‍ക്കു പഞ്ഞമില്ലാത്ത ഏകയുവതാരമായ പൃഥ്വിരാജിനും നവ്യാനായരോട് താത്പര്യമില്ലെന്നു തോന്നുന്നു. നന്ദനം, വെള്ളിത്തിര, അമ്മക്കിളിക്കൂട് തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ നായികയായിട്ടുള്ളതാണ് നവ്യ. എന്നാല്‍ അടുത്തിടെയിറങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളിലൊന്നും നവ്യക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചില്ല.

    കഴിഞ്ഞ വര്‍ഷം ഒരു ചിത്രത്തില്‍ ജയറാമിന്റെ നായികയാവാന്‍ കഴിഞ്ഞത് നവ്യക്ക് വലിയ ഗുണം ചെയ്തില്ല. സര്‍ക്കാര്‍ ദാദ പരാജയപ്പെട്ടതോടെ ഇനി ജയറാമിന്റെ നായികയാവാമെന്ന മോഹം മാറ്റിവയ്ക്കേണ്ട സ്ഥിതിയിലാണ് നവ്യ.

    നരന്‍, രാജമാണിക്യം തുടങ്ങിയ സൂപ്പര്‍താര ചിത്രങ്ങളില്‍ ഉപനായികയുടെ വേഷത്തിലാണെങ്കിലും ഭാവനയെ പോലുള്ള കൗമാരനടിമാര്‍ക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ നവ്യയെ തേടി അത്തരം അവസരങ്ങളും വന്നെത്തുന്നില്ല.

    കച്ചവടപരമായി വിജയിക്കാന്‍ വലിയ സാധ്യതയില്ലാത്തതിനൊപ്പം കലാപരമായ അംഗീകാരവും ലഭിക്കുന്നതില്‍ പരാജയപ്പെടുന്ന ചിത്രങ്ങള്‍ എല്ലാ വര്‍ഷവും മലയാളത്തില്‍ ഇറങ്ങാറുണ്ട്. അത്തരമൊരു ചിത്രത്തില്‍ കഴിഞ്ഞ വര്‍ഷം നവ്യ അഭിനയിച്ചു. കണ്ണേ മടങ്ങുക എന്ന ആ ചിത്രം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി. നവ്യ ഇപ്പോള്‍ അഭിനയിച്ചുവരുന്ന സൈറ എന്ന ചിത്രവും കച്ചവട സിനിമയുടെ ചേരുവകളില്ലാത്ത സംരംഭമെന്നതിനൊപ്പം നവാഗതരായ ചിലരുടെ പരീക്ഷണം കൂടിയാണ്. മലയാളത്തിലെ മുഖ്യധാരാ സിനിമയില്‍ നിന്ന് നവ്യ പുറത്താവുകയാണോ?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X