twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പളുങ്കിനും നോട്ട്ബുക്കിനും സംഭവിച്ചതെന്ത്?

    By Staff
    |

    വാണിജ്യ സിനിമയുടെ പതിവുരീതി വിട്ടുള്ള പരീക്ഷണ സ്വഭാവമുള്ള ചിത്രങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. വേറിട്ടൊരു നല്ല സിനിമയെന്ന അഭിപ്രായം എല്ലാ തരത്തില്‍ നിന്നുമുള്ള പ്രേക്ഷകരില്‍ നിന്ന് നേടിയെടുക്കാനായില്ലെങ്കില്‍ സ്ഥിരം കച്ചവട ഫോര്‍മുലകള്‍ക്കൊപ്പിച്ച് യാതൊരു പുതുമയുമില്ലാതെ തട്ടിക്കൂട്ടുന്ന ചിത്രങ്ങള്‍ പലപ്പോഴും നേടുന്ന വിജയം പരീക്ഷണ ചിത്രങ്ങള്‍ക്ക് നേടിയെടുക്കാനാവില്ല.

    ഏറ്റവുമൊടുവില്‍ സൂപ്പര്‍താരചിത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുക്കിയ ക്രിസ്മസ് വിപണിയുടെ ബാക്കിപത്രം പരിശോധിക്കുമ്പോള്‍ ഇക്കാര്യം ഏറെ വ്യക്തമാവുന്നു. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ ഷാജി കൈലാസ് പ്രത്യേകിച്ചൊരു പുതുമയും അവകാശപ്പെടാനില്ലാതെ ഒരുക്കിയ തട്ടുപൊളിപ്പന്‍ ആക്ഷന്‍ മസാലയായ ബാബാ കല്യാണി സൂപ്പര്‍ഹിറ്റായപ്പോള്‍ പരീക്ഷണസ്വഭാവമുള്ള പളുങ്ക്, നോട്ട്ബുക്ക് എന്നീ ചിത്രങ്ങള്‍ക്ക് ബോക്സോഫീസില്‍ മുടന്തേണ്ടിവന്നു.

    കാഴ്ച, തന്മാത്ര എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബ്ലെസ്സി ഒരുക്കിയ ചിത്രമാണ് പളുങ്ക്. കാഴ്ചയും തന്മാത്രയും നേടിയ വിജയം പളുങ്കും നേടുമെന്ന് പ്രതീക്ഷിക്കപ്പെടുക സ്വാഭാവികം. ബ്ലെസ്സിയുടെ രണ്ട് മുന്‍ചിത്രങ്ങളും പോലെ പതിവ് ഫോര്‍മുലകളില്‍ നിന്ന് മാറിനിന്ന് ചില ജീവിതക്കാഴ്ചകളിലേക്ക് എത്തിനോക്കാന്‍ ശ്രമിക്കുന്ന ചിത്രമാണ് പളുങ്കും. പക്ഷേ അത് അവതരിപ്പിക്കുന്നതില്‍ ബ്ലെസ്സിക്ക് അങ്ങിങ്ങ് ചില പിഴവുകള്‍ വന്നു.

    ഒരു മലയോ കര്‍ഷകന്‍ നഗരജീവിതത്തില്‍ ചെന്നുപെടുകയും നഗരത്തിന്റെ പ്രലോഭനങ്ങള്‍ക്കടിപ്പെട്ടു പോവുകയും ചെയ്യുന്നതാണ് പളുങ്കിന്റെ പ്രമേയം. നഗരവത്കരണത്തിനിടയില്‍ പണത്തിനും ആഡംബരത്തിനുമായി എന്തും ചെയ്യാന്‍ സന്നദ്ധമാവുന്ന മലയാളിയുടെ ഇന്നത്തെ അവസ്ഥയെ ചിത്രീകരിക്കുകയായിരുന്നു ബ്ലെസ്സിയുടെ ലക്ഷ്യമെങ്കിലും കഥ പറച്ചിലിലെ ചില കല്ലുകടികള്‍ സിനിമയുടെ അവതരണത്തിന് ചില പാകക്കുറവുകളായി.

    റോഷന്‍ ആന്‍ഡ്രൂസിന്റെ പുതുമുഖ ചിത്രം നോട്ട്ബുക്കും വ്യത്യസ്തമായ പന്ഥാവിലാണ് സഞ്ചരിക്കുന്നത്. കൗമാരത്തിന്റെ പ്രശ്നങ്ങളും വ്യഥകളും ചിത്രീകരിക്കുന്ന ചിത്രം. മലയാള സിനിമാലോകം പരിചയിച്ചിട്ടില്ലാത്ത ഒരു പ്രമേയ പരിസരം. പക്ഷേ അവതരണത്തില്‍ റോഷനും വന്നു ചില പിഴവുകള്‍. അനാവശ്യമായ മെലോഡ്രാമയും ചിലയിടങ്ങളിലെ ചിത്രത്തിന്റെ വേഗക്കുറവും സിനിമയുടെ മൊത്തം മൂഡിന് കോട്ടമായി.

    എങ്കിലും ശ്രദ്ധക്കുറവ് മൂലമുള്ള ഈ പിഴവുകളുണ്ടായെങ്കിലും ഈ രണ്ട് സിനിമകളും ശരാശരി നിലവാരം പുലര്‍ത്തുന്നുണ്ട്. സിനിമയുടെ ചില വേറിട്ട കാഴ്ചകള്‍ പളുങ്കും നോട്ട്ബുക്കും പ്രേക്ഷകനുമായി പങ്കുവയ്ക്കുന്നുണ്ട്. ഒരു തട്ടുപൊളിപ്പന്‍ മസാല ചിത്രത്തിലെ ചെടിപ്പിക്കുന്ന പതിവുകാഴ്ചകളില്‍ നിന്ന് വ്യത്യസ്തമാണ് അവ.

    പക്ഷേ പരീക്ഷണചിത്രങ്ങള്‍ വിജയമാവുന്നത് അത് എല്ലാ അംശത്തിലും വേറിട്ടൊരു സിനിമാനുഭവമെന്ന് പ്രേക്ഷകരെ കൊണ്ട് പറയിക്കുമ്പോള്‍ മാത്രമാണ്. പരീക്ഷണചിത്രങ്ങളിലെ ചില്ലറ പിഴവുകളായാലും അതിന് ബോക്സോഫീസില്‍ വില നല്‍കേണ്ടിവരും. അതേ സമയം പതിവ് വിനോദരസം മാത്രം പ്രതീക്ഷിച്ച് പ്രേക്ഷകര്‍ കാണാനെത്തുന്ന തട്ടുപൊളിപ്പന്‍ മസാലകള്‍ ശരാശരി നിലവാരം മാത്രമേയുള്ളൂവെങ്കിലും സിനിമാ വിപണിയിലെ പല ഘടകങ്ങളും ഉപയോഗിച്ച് വിജയം ഉറപ്പാക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X