സംവിധായകനാവാന്‍ ടെസ്ലിയും
സംവിധായകനാവാന്‍ ടെസ്ലിയും
ജനവരി 21, 2004
മലയാളത്തിലെ ഒരു ഛായാഗ്രാഹകന്‍ കൂടി സംവിധായകന്റെ മേലങ്കിയണിയുന്നു. ഭരതന്‍ ചിത്രങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ ടെസ്ലിയാണ് അവര്‍ക്കായ് അരുള്‍ദാസ് എന്ന ചിത്രത്തിലൂടെ സംവിധായകനാവുന്നത്.
ഷാജി എന്‍. കരുണ്‍, സന്തോഷ് ശിവന്‍, വേണു, വിപിന്‍ മോഹന്‍ എന്നീ ഛായാഗ്രാഹകര്‍ക്ക് പിന്നാലെയാണ് ടെസ്ലി സംവിധായകന്റെ റോള്‍ പരീക്ഷിക്കുന്നത്. വിപിന്‍മോഹന്‍ ആദ്യമായി സംവിധാനം ചെയ്ത പട്ടണത്തില്‍ സുന്ദരന്‍ ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്.
മതസൗഹാര്‍ദ സന്ദേശവുമായാണ് ടെസ്ലി അവര്‍ക്കായ് അരുള്‍ദാസ് ഒരുക്കുന്നത്. ആദിവാസികളെ പീഡനങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിനായി അവര്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തുന്ന അരുള്‍ദാസിന്റെ കഥയാണ് ചിത്രം പറയുന്നത്.
രാജന്‍ പി. ദേവ്, റോഷ്നി, വിനോദ്, ജയിംസ് കോഴിക്കോട്, ഇട്ടിരാച്ചന്‍, ശ്രീകല, വിജയാനന്ദ്, സജിത്ത്, സുഭാഷ്, സിനി, നിഷ, ജൂലി, പൗലോസ് എന്നിവര്‍ അവര്‍ക്കായ് അരുള്‍ദാസില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്ന ടെസ്ലി തന്നെയാണ് ക്യാമറയും കൈകാര്യം ചെയ്യുന്നത്. ബിച്ചുതിരുമലയുടെ ഗാനങ്ങള്‍ക്ക് സുനിലിനോടൊപ്പം ടെസ്ലിയും സംഗീതം പകരുന്നു. ചിത്രഗംഗയുടെ ബാനറില്‍ ടി.എക്സ്. ലാലിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications