കമല്‍ ചിത്രത്തില്‍ സൗന്ദര്യ നായിക
കമല്‍ ചിത്രത്തില്‍ സൗന്ദര്യ നായിക
ജനവരി 21, 2004
സ്വപ്നക്കൂടിന്റെ വന്‍വിജയത്തിന് ശേഷം കമല്‍ ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി സൗന്ദര്യ അഭിനയിക്കും.
മലയാളത്തിലെ മുതിര്‍ന്ന താരങ്ങളുടെ നായികയായി അഭിനയിച്ചതിന് ശേഷമാണ് സൗന്ദര്യ യുവതാരമായ പൃഥ്വിരാജിനൊപ്പം വേഷമിടുന്നത്. പേരിട്ടില്ലാത്ത ഈ കമല്‍ ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ജിഷ്ണുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് സൗന്ദര്യ മലയാളത്തില്‍ അരങ്ങേറിയത്. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായ കിളിച്ചുണ്ടന്‍മാമ്പഴമാണ് സൗന്ദര്യയുടെ രണ്ടാമത്തെ മലയാളചിത്രം. ഡോ. എസ്. ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന ഹരിശ്രീ എന്ന ചിത്രത്തിലും സൗന്ദര്യ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നുണ്ട്.
വിവാഹത്തിന് ശേഷവും അഭിനയം തുടരുന്ന സൗന്ദര്യ തമിഴിലും തെലുങ്കിലും കന്നഡയിലും ഒരു പോലെ തിരക്കുള്ള നടിയാണ്. മലയാളത്തിലെ തന്റെ രണ്ട് ചിത്രങ്ങളിലും സൗന്ദര്യ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ പക്വതയുള്ള നാഗരികയായ കഥാപാത്രവും കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ നിഷ്കളങ്കയായ ഗ്രാമീണ മുസ്ലിം പെണ്‍കുട്ടിയും സൗന്ദര്യയുടെ മികച്ച വേഷങ്ങളായിരുന്നു.
കമല്‍ ചിത്രത്തിന്റെ രചന കലവൂര്‍ രവികുമാറിന്റേതാണ്. സ്വപ്നക്കൂടിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച പി. സുകുമാര്‍ തന്നെയാണ് കമലിന്റെ പുതിയ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ഡ്രീം ടീം പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ഹൗളി പോട്ടറാണ്.


Click it and Unblock the Notifications