ചക്രം നായിക വിദ്യ, കളരിവിക്രമനില്‍
ചക്രം നായിക വിദ്യ, കളരിവിക്രമനില്‍
ജനവരി 23, 2003
ദീപക് സംവിധാനം ചെയ്യുന്ന കളരിവിക്രമനില്‍ മുകേഷിന്റെ നായികയായി വിദ്യാ ബാലന്‍ അഭിനയിക്കുന്നു.
മോഡലിംഗ് രംഗത്തു നിന്നാണ് വിദ്യ സിനിമയിലെത്തുന്നത്. ധാരാളം പരസ്യചിത്രങ്ങളില്‍ മോഡലായിട്ടുണ്ട്. മുടങ്ങിപ്പോയ കമല്‍-ലോഹിതദാസ് ചിത്രം ചക്രത്തില്‍ വിദ്യയായിരുന്നു നായിക. ഈ ചിത്രത്തിനായി ഏതാനും രംഗങ്ങളില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയെങ്കിലും ചക്രം മുടങ്ങിയതോടെ വിദ്യയുടെ സിനിമാ പ്രവേശനവും അനിശ്ചിതത്വത്തിലായി.
നര്‍മരസപ്രധാനമാണ് കളരി വിക്രമന്‍. ടൈറ്റില്‍ റോളിലാണ് മുകേഷ്. വിഷഹാരിയായ മൂസദിന്റെ കൊച്ചുമകളായാണ് വിദ്യ അഭിനയിക്കുന്നത്. തിലകനാണ് മൂസദിന്റെ വേഷം.
താനിശേരി ഗ്രാമത്തിന്റെ കഥയാണ് ദീപക് കളരി വിക്രമനില്‍ പറയുന്നത്. താനിശേരിയുടെ ചരിത്രം തന്നെ തിരുത്തികൊണ്ടാണ് കളരി വിക്രമന്‍ ആ ഗ്രാമത്തിലെത്തിയത്. വിക്രമന്‍ വരുന്നതിന് മുമ്പ്, ശേഷം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് പരിയാരംപറ്റ ഗ്രാമത്തിന്റെ ചരിത്രത്തെ ആളുകള്‍ കാണുന്നതുതന്നെ.
വൈദ്യതിയും ടെലഫോണും ഇന്നും താനിശേരിയിലെത്തിയിട്ടില്ല. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ മനുഷ്യരാണ് അവിടെ കഴിയുന്നത്.
താനിശേരിയില്‍ കൗതുകം തോന്നിക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. സിംഹവാലന്‍ രാവുണ്ണിയും കള്ളന്‍പാക്കരനും കൊളമ്പസ് പരമുപിള്ളയുമെല്ലാം ഗ്രാമത്തിന്റെ മണമുള്ള ചില വിചിത്ര മനുഷ്യരാണ്. ആ മനുഷ്യരുടെയും അവര്‍ക്കിടയിലേക്ക് കടന്നുവന്ന വിക്രമന്റെയും കഥയാണ് കളരി വിക്രമന്‍.
സിംഹവാലന്‍ രാമുണ്ണിയെ അവതരിപ്പിക്കുന്നത് കൊച്ചിന്‍ ഹനീഫയാണ്. കൊളമ്പസ് പരമുപിള്ളയെ ജഗതി ശ്രീകുമാറും കള്ളന്‍ പാക്കരനെ ഹരിശ്രീ അശോകനും അവതരിപ്പിക്കുന്നു. എണ്‍പത്തിയഞ്ചു വയസുള്ള വൃദ്ധനായി ഇന്നസെന്റും പ്രത്യക്ഷപ്പെടുന്നുണ്ട്.
നന്ദു, ശാലു മേനോന്‍, സുധാനായര്‍, മങ്കാ മഹേഷ്, മീനാ ഗണേശ്, റാണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications