»   » ചേംബറിനെതിരെ മോഹന്‍ലാല്‍

ചേംബറിനെതിരെ മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

ചേംബറിനെതിരെ മോഹന്‍ലാല്‍
ജനവരി 24, 2004

നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം ചേംബറിനെതിരെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ ആഞ്ഞടിക്കുന്നു. താരസംഘടനയും നിര്‍മാതാക്കളുടെ സംഘടനയും തമ്മില്‍ ഏറെ കാലമായി നിലനില്‍ക്കുന്ന ഇടച്ചിലിനെ പുതിയൊരു തലത്തിലെത്തിക്കുന്നതാണ് വേണ്ടിവന്നാല്‍ പുതിയൊരു ചേംബര്‍ തന്നെ രൂപീകരിക്കുമെന്ന മോഹന്‍ലാലിന്റെ പ്രഖ്യാപനം.

സിനിമാതാരങ്ങളുടെ മേല്‍ അനാവശ്യ നിയന്ത്രണങ്ങളും വിലക്കുകളും അടിച്ചേല്പിച്ചാല്‍ പുതിയൊരു ചേംബര്‍ തന്നെ രൂപീകരിക്കേണ്ടിവരുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചേംബര്‍ ഏകാധിപത്യപരമായ നിലപാട് തുടര്‍ന്നാല്‍ പുതിയ ചേംബര്‍ എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഫിലിം ചേംബറിനെതിരെ ഇതുവരെ പരസ്യമായി ഇത്രയും രൂക്ഷമായി മോഹന്‍ലാല്‍ ആഞ്ഞടിച്ചിട്ടില്ല. അമ്മ-ഫിലിം ചേംബര്‍ പോരില്‍ ഇത്രയും രൂക്ഷമായ വിമര്‍ശനം ഏതെങ്കിലും കേന്ദ്രത്തില്‍ നിന്നുണ്ടാവുന്നതും ആദ്യമായാണ്.

അമ്മയും ഫിലിം ചേംബറും ഒപ്പുവച്ച കരാറിലെ ധാരണകള്‍ താരങ്ങള്‍ ലംഘിക്കുന്നുവെന്ന ഫിലിം ചേംബറിന്റെ ആരോപണത്തോട് പ്രതികരിക്കവെയാണ് മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞത്. താരങ്ങളുടെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ആരും ഫിലിം ചേംബറിന് നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

താരനിശകള്‍ നടത്തരുതന്ന് കല്പിക്കാന്‍ ഫിലിം ചേംബറിന് അവകാശമില്ല. താരനിശകളുമായി മുന്നോട്ടുപോവും. താരനിശകളില്‍ നിന്നുണ്ടാവുന്ന വരുമാനം സാമ്പത്തിക അവശത അനുഭവിക്കുന്ന നടീനടന്‍മാര്‍ക്ക് സഹായം നല്‍കാനാണ് ഉപയോഗിക്കുന്നത്.

ഇപ്പോള്‍ സിനിമ എടുക്കാത്ത പലരുമാണ് ഫിലിം ചേംബറിലുള്ളത്. അവര്‍ക്ക് ഇപ്പോഴത്തെ പ്രശ്നങ്ങളെന്തെന്നറിയില്ല. പ്രതിഫലത്തിന്റെ കാര്യത്തിലും കാള്‍ഷീറ്റിലും നിഷ്ഠ പുലര്‍ത്താത്ത നിര്‍മാതാക്കളാണ് താരങ്ങളോട് പോരിന് വരുന്നത്. ദിലീപിനും നവ്യയ്ക്കുമെതിരെ നടപടിയെടുത്തിട്ട് എന്തു പ്രയോജനമാണ് ഫിലിം ചേംബറിനുണ്ടായതെന്ന് മോഹന്‍ലാല്‍ ചോദിച്ചു.

സിനിമാ വ്യവസായം നഷ്ടത്തിലാവാന്‍ കാരണം നല്ല സിനിമകളെടുക്കാത്തതാണ്. താരങ്ങള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നുവെന്ന ആരോപണത്തിലും അടിസ്ഥാനമില്ല. താരങ്ങള്‍ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കാന്‍ തയ്യാറുള്ള നിര്‍മാതാക്കള്‍ മാത്രം അവരെ വച്ച് സിനിമയെടുത്താല്‍ മതി.

പുതിയ ചേംബര്‍ രൂപീകരിക്കുമെന്ന മോഹന്‍ലാലിന്റെ പ്രഖ്യാപനം സിനിമാരംഗത്ത് പുതിയ വിവാദത്തിനിടയാക്കിയേക്കും. സിനിമാരംഗത്തെ വിവിധ കേന്ദ്രങ്ങളിലുള്ളവരെ പ്രതികരിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതാണ് മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X