»   » അകാലത്തില്‍ പിരിഞ്ഞ തിരക്കഥയിലെ ഏകാന്തപഥികന്‍...

അകാലത്തില്‍ പിരിഞ്ഞ തിരക്കഥയിലെ ഏകാന്തപഥികന്‍...

Posted By:
Subscribe to Filmibeat Malayalam

അകാലത്തില്‍ പിരിഞ്ഞ തിരക്കഥയിലെ ഏകാന്തപഥികന്‍...

അഭിമുഖത്തിന് തീയതി കുറിച്ചശേഷം ചരമക്കുറിപ്പ് എഴുതേണ്ടിവരിക... ശശിധരന്‍ ആറാട്ടുവഴി ഈയിടെ അന്തരിച്ചപ്പോള്‍ ഇന്ത്യാഇന്‍ഫോയ്ക്കു ചെയ്യേണ്ടിവന്നിരിക്കുന്നത് ഇതാണ്.

മമ്മൂട്ടി നിര്‍മ്മിക്കുന്ന അവള്‍ എന്ന സീരിയലിന്റെ സെറ്റില്‍ വെച്ച് പ്രതിഭാ സമ്പന്നനായ ഈ തിരക്കഥാകൃത്തുമായി അഭിമുഖത്തിന് തീയതി ഉറപ്പിച്ചിരുന്നതാണ്. നേരത്തെ ഒരഭിമുഖത്തിന് അനുവാദം തന്നിരുന്നെങ്കിലും അപ്രതീക്ഷിത കാരണങ്ങളാല്‍ അതു നടന്നിരുന്നില്ല. രണ്ടാമത് തന്ന സമയം ഉപയോഗപ്പെടുത്താന്‍ വിധി ഞങ്ങളെ അനുവദിച്ചില്ല. 2001 ജനവരി 21ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആറാട്ടുവഴി അന്ത്യശ്വാസം വലിച്ചു എന്ന വാര്‍ത്തയാണ് പിന്നീടു വന്നത്. എല്ലാവരെയും അമ്പരിപ്പിച്ച,നൊമ്പരപ്പെടുത്തിയ മരണം.

എഴുത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം മൂലമാണ് ശശി സിനിമയിലെത്തിയത്. ആലപ്പുഴ ജില്ലയില്‍ അര്‍ജുനന്‍പിള്ളയുടെയും വസുന്ധരയുടെയും മകനായി ജനിച്ച ഈ 45കാരനില്‍ ചെറുപ്പത്തിലേ നാടകരചനയുടെ നാമ്പുകള്‍ മൊട്ടിട്ടു.

എന്നാല്‍ ശശിയുടെ സാഹചര്യം അദ്ദേഹത്തിന്റെ സര്‍ഗാത്മകതയ്ക്ക് ഒട്ടും അനുകൂലമായിരുന്നില്ല. അച്ഛന്‍ മകനെ ഒരു സര്‍ക്കാരുദ്യോഗസ്ഥനായി കാണാനാണ് ആഗ്രഹിച്ചത്. ശശിയുടെ 14ാം വയസ്സില്‍ തന്നെ അച്ഛന്‍ എന്നെന്നേക്കുമായി പിരിഞ്ഞു. പിന്നീട് മൂത്ത സഹോദരന്‍ രാധാകൃഷ്ണന്റെ സംരക്ഷണയിലാണ് ശശി വളര്‍ന്നത്. സ്കൂള്‍ വിട്ടാല്‍ ചേട്ടന്‍ നടത്തുന്ന റേഷന്‍ കടയില്‍ പോയി അദ്ദേഹത്തെ സഹായിക്കലായിരുന്നു ശശി ചെയ്തു കൊണ്ടിരുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം ആലപ്പുഴ എസ്ഡി കോളേജില്‍ പഠിക്കുമ്പോള്‍ ശശിയില്‍ വീണ്ടും എഴുത്തിന്റെ ത്വര നാമ്പിട്ടു. നാടകങ്ങള്‍ എഴുതി ആകാശവാണിക്ക് അയക്കാന്‍ തുടങ്ങി. മറ്റൊരു സഹോദരനായ ഗോപിനാഥന്‍ ദില്ലിയില്‍ മെയിന്‍സ്ട്രീം എന്ന പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം ശശിയുടെ എഴുത്തിനെ പ്രോത്സാഹിപ്പിച്ചു.

അങ്ങനെയാണ് ശശി ആലപ്പുഴ വിട്ട് തിരുവനന്തപുരത്തെത്തുന്നത്. അവിടെ കുടുംബകഥ, കുട്ടിക്കഥ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. കൂടാതെ പ്രൈമറി കളേഴ്സ് എന്ന അഡ്വര്‍ട്ടൈസിംഗ് ഏജന്‍സിയും തുടങ്ങി.

ഏതൊരു എഴുത്തുകാരനെയും പോലെ ശശിധരന്‍ ആറാട്ടുവഴിക്കും സിനിമ എന്നും ഒരു മോഹമായിരുന്നു. തിരക്കഥ അതു വരെ എഴുതിയിരുന്നില്ലെങ്കിലും എം.ടി. വാസുദേവന്‍ നായരെ പോലുള്ള മികച്ച തിരക്കഥാകൃത്തുക്കളുടെ രചനയില്‍ നിന്ന് ലഭിച്ച പ്രചോദനം അദ്ദേഹത്തിന് മുതല്‍ക്കൂട്ടായി ഉണ്ടായിരുന്നു. ആ തിരക്കഥകളും അതിന്റെ ആധാരകഥയും ഒരുമിച്ച് വെച്ച് അദ്ദേഹം വിശദമായ വിശകലനം തന്നെ നടത്തി. അങ്ങനെയാണ് അദ്ദേഹം തിരക്കഥാരചന പഠിക്കുന്നത്. ചുരുക്കത്തില്‍ എംടിയുടെ ഏകലവ്യനായിരുന്നു ശശിധരന്‍ ആറാട്ടുവഴി.

അങ്ങനെ തേച്ചുമിനുക്കിയെടുത്ത ഒരു തിരക്കഥയുമായി ശശി ഒരിക്കല്‍ സംവിധായകന്‍ കലാധരനെയും സഹസംവിധായകന്‍ ഷാജി കൈലാസിനെയും കണ്ടു. എന്നാല്‍ തിരക്കഥയെ പ്രശംസിച്ച അവര്‍ അത് ഗൗരവമേറിയ പ്രമേയമാണെന്ന് വിധിയെഴുതി. ലാളിത്യത്തിന് പ്രധാന്യം നല്‍കുന്ന ആ സംവിധായകര്‍ക്കുവേണ്ടി ശശി അവിടെവെച്ചു തന്നെ ഒരു ലളിത പ്രമേയം വിവരിച്ചുകൊടുത്തു. കലാധരന് ആ പ്രമേയം ഇഷ്ടപ്പെട്ടെങ്കിലും നിര്‍മാണരംഗത്തു നിന്നുള്ള ആരുടെയോ പ്രേരണമൂലം അദ്ദേഹം അതു വേണ്ടെന്നു വെച്ചു.

മറ്റൊരു പ്രമേയവുമായി ശശി വീണ്ടും കലാധരനെ കണ്ടു. അങ്ങനെയാണ് നെറ്റിപ്പട്ടം ഉടലെടുക്കുന്നത്. 1990ല്‍ പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രം ബോക്സോഫീസില്‍ വിജയം കണ്ടില്ലെങ്കിലും തിരക്കഥാകൃത്ത് എന്ന നിലയില്‍ ശശിക്ക് മികച്ച തുടക്കം നല്‍കി.

അങ്ങനെയിരിക്കെയാണ് രാജസേനന്‍ ശശിയെ തേടിയെത്തുന്നത്. കലാധരന്‍ മുമ്പ് ഉപേക്ഷിച്ച പ്രമേയം ശശി രാജസേനനോട് പറഞ്ഞു. അതാണ് പിന്നീട് അയലത്തെ അദ്ദേഹമായി പുറത്തുവന്നത്. അതിനു ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നില്ല. തിരക്കഥാകൃത്ത് എന്ന നിലയില്‍ അദ്ദേഹം ഇരിപ്പുറച്ചു. പിന്നീടുള്ള ഒരു ദശകക്കാലം കൊണ്ട് ഇരുപതോളം ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതി. യോദ്ധ, വാര്‍ദ്ധക്യപുരാണം, സിഐഡി ഉണ്ണിക്കൃഷ്ണന്‍ ബിഎ ബിഎഡ്, പൊരുത്തം, കളിവീട്, ചെപ്പടിവിദ്യ, കുടുംബകോടതി തുടങ്ങിയവ അതില്‍ ചിലതു മാത്രം.

പൊതുവെ കുടുംബചിത്രങ്ങളുടെ കഥാകാരനായിട്ടാണ് ശശിധരന്‍ ആറാട്ടുവഴി അറിയപ്പെട്ടത്. സാധാരണക്കാരന്റെ ജീവിതം തൂലികയിലെത്തിക്കുമ്പോള്‍ തന്നെ വ്യത്യസ്തത പുലര്‍ത്താനും കഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നത്. അതുകൊണ്ടാണ് പുതിയ ആള്‍ക്കാര്‍ വന്നപ്പോഴും മലയാള സിനിമയില്‍ പുതിയ പ്രവണതകള്‍ ഉണ്ടായപ്പോഴും ശശി പിന്തളളപ്പെടാതിരുന്നത്.

എഴുത്തിനോട് അടങ്ങാത്ത ദാഹമുണ്ടായിരുന്ന ഈ കഥാകാരനെ മരണം അവിചാരിതമായി തട്ടിയെടുക്കുമ്പോഴും അദ്ദേഹം എഴുത്തിനോടുള്ള പ്രണയം തുടരുകായായിരുന്നു. മമ്മൂട്ടി നിര്‍മ്മിക്കുന്ന രണ്ടാമത്തെ മെഗാ സീരിയലായ അവള്‍ക്കുവേണ്ടി. ടെലിവിഷന്‍ സീരിയല്‍ രംഗത്തേക്കുള്ള ആറാട്ടുവഴിയുടെ ആദ്യ കാല്‍വെപ്പു കൂടിയായിരുന്നു ഇത്്. പക്ഷെ അത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തെ വിധി അനുവദിച്ചില്ല.
അവള്‍ക്ക് വേറൊരു തിരക്കഥാകൃത്ത് ഉണ്ടാകും. മലയാള സിനിമയിലും ഒട്ടേറെ തിരക്കഥാകൃത്തുക്കള്‍ വരും പോകും. പക്ഷെ ശശിധരന്‍ ആറാട്ടുവഴി എന്ന കുടുംബ ചിത്ര കഥാകാരന്‍ ഇനി ഉണ്ടാവില്ല. മലയാള സിനിമക്ക് നഷ്ടപ്പെട്ട ആ പ്രതിഭയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X