twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീര ലാലിന്റെ കണ്‍മണി

    By Staff
    |

    മീര ലാലിന്റെ കണ്‍മണി
    ജനവരി 29, 2006

    മലയാളത്തിലെ മുന്‍നിരക്കാരായ കൗമൗര നായികമാര്‍ സൂപ്പര്‍താരങ്ങളുടെ ജോഡിയാവാന്‍ പോന്നവരല്ലെന്ന അഭിപ്രായം പൊതുവെയുണ്ട്. അതുകൊണ്ടു തന്നെ സൂപ്പര്‍താര ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഇവര്‍ക്ക് ഉപനായികയുടെ വേഷമേ ലഭിക്കാറുള്ളൂ.

    കാവ്യാമാധവന്‍, ഭാവന തുടങ്ങിയ നടിമാര്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ആ ചിത്രങ്ങളില്‍ ഉപനായികയുടെ വേഷമായിരുന്നു. ഒന്നാമന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി കാവ്യാ മാധവന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രം സഹോദരീതുല്യയായി കാണുന്ന ഒരു പെണ്‍കുട്ടിയുടെ വേഷമായിരുന്നു കാവ്യക്ക്. രമ്യാ കൃഷ്ണനായിരുന്നു നായിക.

    ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത വടക്കുംനാഥനില്‍ മോഹന്‍ലാലിന്റെ അനുജത്തിയായാണ് കാവ്യ അഭിനയിച്ചത്. പത്മപ്രിയക്കാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയുടെ വേഷം.

    നരന്‍ ആണ് ഭാവന അഭിനയിച്ച ഏക മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാല്‍ കഥാപാത്രമായ മുള്ളന്‍കൊല്ലി വേലായുധനോട് ആദ്യം വെറുപ്പും പിന്നീട് മനസില്‍ പ്രണയവും തോന്നുന്ന പെണ്‍കുട്ടിയായാണ് അഭിനയിച്ചതെങ്കിലും ഭാവനയും ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയല്ല.

    ചതുരംഗത്തില്‍ നവ്യാനായര്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പ്രതിശ്രുതവധുവായി വേഷമിടുന്നുണ്ടെങ്കിലും ചിത്രത്തില്‍ ഏതാനും രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ് അത്. ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ത്രീകഥാപാത്രം നഗ്മയുടേതാണ്.

    മുന്‍നിരക്കാരായ കൗമാരനടിമാര്‍ സൂപ്പര്‍താരങ്ങള്‍ക്ക് നായികയാവുന്നതില്‍ അനൗചിത്യമുണ്ടെന്ന അഭിപ്രായം നിലനില്‍ക്കുന്നതു കൊണ്ടാണ് പത്മപ്രിയ, മീന, ലയ, ലൈല തുടങ്ങിയ അന്യഭാഷാനടിമാര്‍ ലാലിന് നായികയാവാനെത്തുന്നത്. ഭാവനയെയും കാവ്യാമാധവനെയും നവ്യാനായരെയും പോലുള്ള നടിമാര്‍ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഉപനായികാവേഷം മാത്രമായിരിക്കുകയും ചെയ്യും. എന്നാല്‍ ആ പതിവ് തെറ്റുകയാണ്. മീരാ ജാസ്മിനാണ് മോഹന്‍ലാലിന്റെ നായികയായി പ്രൊമോഷന്‍ കിട്ടുന്ന ആദ്യത്തെ കൗമാരനടി.

    സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പ്രേമചന്ദ്രന്‍ ആശാരി പ്രണയിക്കുന്ന പെണ്‍കുട്ടിയായാണ് മീരാ ജാസ്മിന്‍ അഭിനയിക്കുന്നത്. മീരയാണ് ചിത്രത്തിലെ ഏകനായിക.

    രസികനായ പ്രേമചന്ദ്രന്‍ ആശാരി ഒരു വീട്ടില്‍ മരപ്പണിക്ക് പോയപ്പോള്‍ അവിടെ വച്ച് കണ്ടുമുട്ടുന്ന കണ്‍മണി എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. ഇരുവരും പ്രണയത്തിലാവുന്നതോടെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ചിത്രത്തിലുടനീളമുള്ള കഥാപാത്രമാണ് കണ്‍മണി.

    വര്‍ഷത്തിലൊരിക്കല്‍ മാത്രം മലയാളത്തില്‍ അഭിനയിക്കാനെത്തുന്ന മീര അച്ചുവിന്റെ അമ്മയ്ക്കു ശേഷം മലയാളത്തിലെത്തുന്നത് മോഹന്‍ലാലിന്റെ നായികയാവാനാണ്. സൂപ്പര്‍താര നായികയായി ആദ്യമായി പ്രൊമോഷന്‍ കിട്ടുന്ന കൗമാര നടി എന്ന സവിശേഷതയോടെയാണ് മീര വീണ്ടും സത്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X