അനന്തഭദ്രത്തില്‍ മമ്മൂട്ടിക്ക് പകരം ബിജു
അനന്തഭദ്രത്തില്‍ മമ്മൂട്ടിക്ക് പകരം ബിജു
ജനവരി 30, 2004
കലാസംവിധായകനായ സാബു സിറിള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമായ അനന്തഭദ്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറി.
ചിത്രത്തില്‍ മമ്മൂട്ടിക്ക് നിശ്ചയിച്ചിരുന്ന വേഷം ബിജു മേനോന്‍ അവതരിപ്പിക്കും. ഡോ. ശിവറാം എന്ന തന്റെ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യമില്ലെന്ന് പറഞ്ഞാണ് മമ്മൂട്ടി പിന്മാറിയത്.
ബിജു മേനോന് പുറമെ പൃഥ്വിരാജ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബിജു മേനോനും പൃഥ്വിരാജും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്. മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക.
മലയാള മനോരമയുടെ ജനപ്രിയ നോവലിനുള്ള അവാര്‍ഡ് ലഭിച്ച സുനില്‍ പരമേശ്വരന്റെ അനന്തഭദ്രം എന്ന ഹൊറര്‍ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സുനില്‍ പരമേശ്വരന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നത്.
മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം മണിയന്‍പിള്ളരാജു നിര്‍മിക്കുന്ന ചിത്രമാണിത്.
നെടുമുടി വേണു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മനോജ് കെ. ജയന്‍, സായികുമാര്‍, ഗണേഷ്കുമാര്‍, സിദ്ദിഖ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.


Click it and Unblock the Notifications