കാര്‍വര്‍ണന്‍: മറ്റൊരു മോഷണസൃഷ്ടി
കാര്‍വര്‍ണന്‍: മറ്റൊരു മോഷണസൃഷ്ടി
ജനവരി 30, 2004
പ്രിയദര്‍ശന്‍ ദിലീപിനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രം ഏറെ കൊട്ടിഘോഷിക്കപ്പെട്ടുകഴിഞ്ഞു. കൃഷ്ണലീല എന്ന് ആദ്യം പേരിട്ടെങ്കിലും പിന്നീട് കാര്‍വര്‍ണന്‍ എന്ന് പേരുമാറ്റിയ ഈ ചിത്രം പ്രിയന്‍-ദിലീപ് ടീം ഒരുക്കുന്ന ഒരു സൂപ്പര്‍ഹിറ്റായിരിക്കുമെന്നാണ് പ്രതീക്ഷ.
ഉദയ്കൃഷ്-സിബി കെ. തോമസ് ടീം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ കഥ പ്രിയദര്‍ശന്റേതാണെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ കഥ വന്നത് ഹിന്ദിയില്‍ നിന്നാണെന്നത് മറ്റൊരു കഥ. മലയാളത്തിലെ ഹിറ്റ് ചിത്രമായ സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ കഥ പകര്‍പ്പവകാശം വാങ്ങാതെ പകര്‍ത്തി ലേസ..ലേസ.. എന്ന തമിഴ് ചിത്രമുണ്ടാക്കി വിവാദത്തിന് തിരികൊളുത്തിയ പ്രിയന്‍ തന്റെ ദിലീപ് ചിത്രത്തിന്റെ കഥ ഒരു ഹിന്ദിചിത്രത്തില്‍ നിന്ന് മോഷ്ടിച്ചതാണ്.
പ്യാര്‍ തൊ ഹോനാ ഹി ഥാ എന്ന ചിത്രത്തിന്റെ കഥയാണ് വലിയ മാറ്റങ്ങളില്ലാതെ പ്രിയന്‍ മലയാളത്തിലേക്ക് പകര്‍ത്തുന്നത്. അജയ് ദേവ്ഗണും കാജലും നായികാനായകന്‍മാരായ ഈ ചിത്രം മോഷ്ടാവായ നായകന് യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്ന പെണ്‍കുട്ടിയുമായുണ്ടാവുന്ന ബന്ധത്തിന്റെ കഥയാണ് പറയുന്നത്.
പ്യാര്‍ തൊ ഹോനാ ഹി ഥായുടെ കഥ ഇങ്ങനെ പോവുന്നു: വിദേശത്ത് താമസിക്കുന്ന നായിക തന്റെ കാമുകന്‍ ഇന്ത്യയിലെത്തി ഒരു പെണ്‍കുട്ടിയുമായി പ്രണയിത്തിലായെന്ന് അറിഞ്ഞ് മാനസികമായി തളരുന്നു. കാമുകന്റെ പുതിയ പ്രണയബന്ധം തകര്‍ത്ത് അവനെ തന്നിലേക്ക് തിരിച്ചുകൊണ്ടുവരാനായി അവള്‍ ഇന്ത്യയിലേക്ക് തിരിക്കുന്നു. വിമാനയാത്രയ്ക്കിടയില്‍ അവള്‍ ഒരു പുരുഷനെ കണ്ടുമുട്ടുന്നു. ഒരു മോഷ്ടാവായ അവന്‍ പിടിക്കെപ്പെടാതിരിക്കാനായി തന്റെ കൈയിലുള്ള വില പിടിച്ച മോഷണവസ്തു അവളുടെ ബാഗില്‍ നിക്ഷേപിക്കുന്നു.
നാട്ടിലെത്തിയപ്പോള്‍ അവളുടെ ബാഗില്‍ നിന്ന് തന്ത്രത്തില്‍ മോഷണവസ്തു തിരികെയെടുക്കാമെന്നാണ് അവന്‍ കരുതിയതെങ്കിലും പല കാരണങ്ങളാല്‍ അവന് അത് കഴിയുന്നില്ല. വിലപിടിച്ച മോഷണവസ്തു തിരികെയെടുക്കുന്നതിനായി അവന്‍ അവളെ പിന്തുടരുന്നു. ഒടുവില്‍ അവര്‍ നായികയുടെ കാമുകന്‍ താമസിക്കുന്ന കോട്ടെജിലെത്തുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങള്‍ക്കിടെ അവര്‍ പ്രണയബദ്ധരാവുന്നു.
ഈ കഥ തന്നെയാണ് പശ്ചാത്തലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി പ്രിയന്‍ കാര്‍വര്‍ണന്‍ ആക്കിയിരിക്കുന്നത്. തന്റെ കാമുകന്റെ വിവാഹം മുടയ്ക്കാനായി പോവുന്ന ഒരു പെണ്‍കുട്ടിയുടെയും യാത്രയ്ക്കിടെ അവളോടൊപ്പം ചേരുന്ന ഒരു കള്ളന്റെയും കഥയാണ് കാര്‍വര്‍ണന്‍. താന്‍ മോഷ്ടിച്ച സാധനം അവളുടെ ബാഗിലാണ് കള്ളന്‍ ഒളിപ്പിച്ചത്. അത് തിരിച്ചെടുക്കാന്‍ അവന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെ അവര്‍ നായികയുടെ കാമുകന്റെ വിവാഹം നടക്കുന്ന സ്ഥലത്തെത്തുന്നു......പശ്ചാത്തലത്തില്‍ ചില മാറ്റങ്ങള്‍ മാത്രം.
സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ കഥ പകര്‍പ്പവകാശം വാങ്ങാതെ മോഷ്ടിച്ച് ലേസാ ലേസാ ആക്കിയതിനെ തുടര്‍ന്ന് പ്രിയന് വിലക്കേര്‍പ്പെടുത്താന്‍ വരെ മലയാളത്തിലെ നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നതാണ്. ഈ വിവാദത്തിന് പിറകെയാണ് ഹിന്ദിചിത്രത്തിന്റെ കഥ അതേ പടി പകര്‍ത്തി പ്രിയന്‍ മലയാളചിത്രമൊരുക്കുന്നത്.
പ്രിയന്‍ ഹിന്ദിയില്‍ ഒരുക്കിയ ചിത്രങ്ങള്‍ മിക്കതും മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ റീമേക്കാണ്. എന്നാല്‍ മലയാളത്തിലെ കഥ തമിഴിലേക്കും ഹിന്ദിയിലെ കഥ തമിഴിലേക്കുമൊക്കെ സ്വീകരിക്കാന്‍ പകര്‍പ്പവകാശമൊന്നും വാങ്ങേണ്ടതില്ലെന്ന നിലപാടാണോ പ്രിയനുള്ളത്? ഏതായാലും മോഷ്ടാവിന്റെ കഥ പറയുന്ന പുതിയ ചിത്രം പ്രിയന്‍ ഒരുക്കുന്നത് ഹിന്ദിയില്‍ നിന്ന് മോഷ്ടിച്ചാണെന്നത് കൗതുകകരം തന്നെ.


Click it and Unblock the Notifications