twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ ചന്ദ്രോത്സവം

    By Staff
    |

    മോഹന്‍ലാലിന്റെ ചന്ദ്രോത്സവം
    ജനവരി 30, 2005

    രാവണപ്രഭുവിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ചന്ദ്രോത്സവം എന്ന് പേരിട്ടു. മമ്മൂട്ടി ചിത്രമായ ബ്ലാക്കിന് ശേഷം രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചന്ദ്രോത്സവം.

    മോഹന്‍ലാലിനെ നായകനാക്കി സക്കറിയാപോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രം ചെയ്യാനാണ് രഞ്ജിത്ത് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആ പ്രൊജക്ടിന്റെ കഥ മാറ്റിവച്ച് എക്കാലത്തെയും സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളായ രാവണപ്രഭു, നരസിംഹം, ആറാം തമ്പുരാന്‍ എന്നീ സിനിമകളുടെ മാതൃകയിലുള്ള ഒരു ചിത്രം ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു രഞ്ജിത്ത്.

    രഞ്ജിത്ത് തിരക്കഥയെഴുതിയ നരസിംഹം, ആറാം തമ്പുരാന്‍ എന്നീ ചിത്രങ്ങളിലും തിരക്കഥയെഴുതി സംവിധാനം ചെയ്ത രാവണപ്രഭുവിലും ഒരുക്കിയ അതിമാനുഷ നായകകഥാപാത്രങ്ങളുടെ തുടര്‍ച്ചയായിരിക്കും ചന്ദ്രോത്സവത്തിലെ ശ്രീഹരി. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിന്റെ കഥയെ ഓര്‍മിപ്പിക്കുന്നതാണ് ചന്ദ്രോത്സവത്തിന്റെ പ്രമേയം.

    ചിറയ്ക്കല്‍ തറവാട്ടിലെ ശ്രീഹരി ചെറുപ്പത്തിലേ നാടുവിട്ടതാണ്. വര്‍ഷങ്ങള്‍ക്കു ശേഷം പാരീസിലിയിരുന്ന ശ്രീഹരി നാട്ടിലേക്ക് തിരിച്ചുവന്നു. നാട്ടുകാര്‍ അയാളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും നാട്ടുകാരുടെ മനസില്‍ ഇപ്പോഴും ശ്രീഹരിയുണ്ട്. യുവാക്കളുടെ പുതിയ തലമുറ അയാളെ ഒരു ഹീറോയായി ആരാധിക്കുന്നുണ്ട്.

    നാട്ടില്‍ തിരിച്ചെത്തിയതോടെ ശ്രീഹരിയും പഴയ കൂട്ടുകാരും വീണ്ടും ഒത്തുചേര്‍ന്നു. ചിലതൊക്കെ ചെയ്തുതീര്‍ക്കാന്‍ വേണ്ടിയാണ് ശ്രീഹരി നാട്ടിലെത്തിയത്. കൂട്ടുകാരോടൊപ്പം അയാള്‍ അതിനായി ചില പദ്ധതികള്‍ ആസൂത്രണം ചെയ്തു. തുടര്‍ന്നുണ്ടാവുന്ന സംഭവബഹുലമായ വഴിത്തിരിവുകളിലൂടെയാണ് ചന്ദ്രോത്സവത്തിന്റെ കഥ പുരോഗമിക്കുന്നത്.

    ഒറ്റപ്പാലത്തെ വരിക്കാശേരി മനയില്‍ ജനവരി അഞ്ചിന് ചന്ദ്രോത്സവത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മോഹന്‍ലാല്‍ നായകനായ ദേവാസുരവും 10 വര്‍ഷം മുമ്പ് ഇതേദിവസമാണ് വരിക്കാശ്ശേരി മനയില്‍ ചിത്രീകരണമാരംഭിച്ചത്. ചന്ദ്രോത്സവത്തിലെ ചിറയ്ക്കല്‍ തറവാട് വരിക്കാശേരി മനയാണ്.

    സായികുമാര്‍, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, മണിയന്‍പിള്ള രാജു, ജഗദീഷ്, ശ്രീരാമന്‍, അഗസ്റ്റിന്‍, രഞ്ജിത്ത്, സന്തോഷ്, രാമു, ജയകൃഷ്ണന്‍, സീനത്ത്, നിലമ്പൂര്‍ ആയിഷ, കോഴിക്കോട് ശാന്ത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    ഛായാഗ്രഹണം അഴകപ്പന്‍. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X