ലാലിന്റെ കീര്‍ത്തിചക്ര കശ്മീരില്‍
ലാലിന്റെ കീര്‍ത്തിചക്ര കശ്മീരില്‍
ജനവരി 30, 2006
ഡോ.എസ്.ജനാര്‍ദന്റെ മഹാസമുദ്രം എന്ന ചിത്രത്തിനു പിന്നാലെ മറ്റൊരു നവാഗത സംവിധായകന്റെ ചിത്രത്തില്‍ കൂടി മോഹന്‍ലാല്‍ ഈ വര്‍ഷം വേഷമിടും. മേജര്‍ രവി ഒരുക്കുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനാവുന്നത്.
കീര്‍ത്തിചക്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൈനിക പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന ചിത്രം കശ്മീരിലാണ് ചിത്രീകരിക്കുന്നത്. മാര്‍ച്ചില്‍ കീര്‍ത്തിചക്രയുടെ ഷൂട്ടിംഗ് കശ്മീരില്‍ ആരംഭിക്കും.
ഏറെ കാലത്തിനു ശേഷമാണ് ഒരു മലയാളചിത്രം കശ്മീരില്‍ ചിത്രീകരിക്കുന്നത്. നേരത്തെ തുഷാരം, നായര്‍സാബ് തുടങ്ങിയ മലയാള ചിത്രങ്ങള്‍ കശ്മീരില്‍ ചിത്രീകരിച്ചിരുന്നു.
ഗോപികയും മംമ്തയുമാണ് ചിത്രത്തിലെ നായികമാര്‍. ഇരുവരും ആദ്യമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അനന്തഭദ്രത്തിലൂടെ മലയാളത്തിലെത്തിയ ബോളിവുഡ് നടി റീമാ സെന്നും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബിജു മേനോന്‍, ഇന്നസെന്റ്, കലാഭവന്‍ മണി, ജീവ തുടങ്ങിയ പ്രമുഖതാരങ്ങളും കീര്‍ത്തിചക്രയില്‍ അണിനിരക്കുന്നു. ഛായാഗ്രഹണം തിരു. ജോഷ്വാ ശ്രീധറാണ് സംഗീതം നല്‍കുന്നത്. സൂപ്പര്‍ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി.ചൗധരിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications