രംഭയും നിര്‍മാതാവും വാക്പയറ്റില്‍
രംഭയും നിര്‍മാതാവും വാക്പയറ്റില്‍
ജനവരി 31, 2005
ചെന്നൈ: നടി രംഭയും നിര്‍മാതാവ് മാണിക്കം നാരായണനും തമ്മിലുള്ള വാക്യുദ്ധം മുറുകുന്നു. രണ്ടു കോടി രൂപ വില വരുന്ന തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ മാണിക്കം നാരായണന്‍ ശ്രമിക്കുന്നുവെന്നും ഇതിനെതിരെ കേസു കൊടുക്കുമെന്ന് രംഭ. തന്നെപ്പറ്റി നുണപ്രചരണം നടത്തുന്ന രംഭ പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് നാരായണന്‍.
രണ്ടു കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ പണയമായി കൊടുത്ത് മാണിക്കം നാരായണനില്‍ നിന്ന് 25 ലക്ഷം രൂപ കടംവാങ്ങിയിരുന്നതായി നടി രംഭ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പണത്തിനു പകരം മാണിക്കം സംഘടിപ്പിച്ചിരുന്ന സ്റേജ് ഷോകളില്‍ പങ്കെടുത്തു. ഈ ഷോകള്‍ക്ക് നല്‍കേണ്ട പണം കടത്തില്‍ വകവെയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്റേജ്ഷോ നടത്തിയതിന്റെ പ്രതിഫലം കഴിച്ച് ബാക്കി നല്‍കണമെന്ന് പറഞ്ഞ തുക കൊടുത്തുവെന്നും രംഭ പറയുന്നു. എന്നിട്ടും തന്നെ ചെക്കുതട്ടിപ്പുകേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് രംഭയുടെ ആരോപണം.
എന്നാല്‍ മധുരയില്‍ താന്‍ സംഘടിപ്പിച്ച സ്റേജ് ഷോയില്‍ പങ്കെടുത്ത രംഭ ഉള്‍പ്പെടെയുള്ള എല്ലാ ആര്‍ട്ടിസ്റുകള്‍ക്കും മുന്‍കൂറായി പ്രതിഫലം നല്‍കിയിട്ടുള്ളതാണെന്നാണ് നിര്‍മാതാവ് മാണിക്കം നാരായണന്‍ പറയുന്നത്. രംഭ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഉടന്‍ മാപ്പു പറയുകയും അത് മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും മാണിക്കം പറഞ്ഞു.


Click it and Unblock the Notifications