ദിലീപിന്റെ ചെസ്
ദിലീപിന്റെ ചെസ്
ജനവരി 31, 2006
റണ്‍വേ, ഫാസ്റ് ട്രാക്ക്, ലയേണ്‍... ഇംഗ്ലീഷ് പേരുകളോടാണ് ദിലിപീന് ഈയിടെ പ്രിയം. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുന്ന ദിലീപിന്റെ പുതിയ ചിത്രത്തിനും ഇതേ സ്വഭാവത്തിലുള്ള പേര് തന്നെ- ചെസ്.
നവാഗത സംവിധായകനായ രാജ്ബാബു ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പൂജ ഈയിടെ എറണാകുളം ഹോട്ടല്‍ ഹൈവേയില്‍ നടന്നു. കവിയൂര്‍ പൊന്നമ്മ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.
ഒരു ഇടവേളക്കു ശേഷം ഈ ചിത്രത്തിലൂടെ ഭാവന വീണ്ടും ദിലീപിന്റെ നായികയാവുകയാണ്. സിഐഡി മൂസയാണ് ഇതിനു മുമ്പ് ഭാവന നായികയായി അഭിനയിച്ച ദിലീപ് ചിത്രം. റണ്‍വേ, തിളക്കം, ചാന്തുപൊട്ട് എന്നീ ദിലീപ് ചിത്രങ്ങളില്‍ ഭാവന അഭിനയിച്ചിരുന്നെങ്കില്‍ അവയിലൊന്നും നായികാവേഷമായിരുന്നില്ല. തിളക്കത്തിലും ചാന്തുപൊട്ടിലും ഉപനായികയായ ഭാവന റണ്‍വേയില്‍ ഒരു ഗാനരംഗത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്.
സിഐഡി മൂസയില്‍ വില്ലന്‍ കഥാപാത്രമായ പൊലീസ് കമ്മിഷണറെ അവതരിപ്പിച്ച ബോളിവുഡ് നടന്‍ ആശിഷ് വിദ്യാര്‍ത്ഥി ചെസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സായികുമാര്‍, വിജയരാഘവന്‍, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലിംകുമാര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ദിലീപിന്റെ ഒരു പിടി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഉദയ്കൃഷ്ണ-സിബി കെ. തോമസ് ആണ് ചെസിനും രചന നിര്‍വഹിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയും വയലാര്‍ ശരത്ചന്ദ്രവര്‍മയും രചിച്ച ഗാനങ്ങള്‍ക്ക് സുരേഷ് പീറ്റേഴ്സ് ഈണം പകരുന്നു. ഛായാഗ്രഹണം സഞ്ജീവ്ശങ്കര്‍. സൂപ്പര്‍സ്റാര്‍ ഫിലിംസിന്റെ ബാനറില്‍ മഹിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications