twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിച്ചു തിരുമല സപ്തതിയുടെ നിറവില്‍

    By Ravi Nath
    |

    Bichu Thirumala
    'ബിച്ചു തിരുമലയുടെ വരികള്‍ക്ക് ശ്യാമിന്റെ സംഗീതം...' ഒരുകാലത്ത് ആകാശവാണിയിലൂടെ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ച് കേട്ടുകൊണ്ടിരുന്ന ഒരു വാചകമായിരുന്നു ഇത്. വയലാറിനുശേഷം ഏറ്റവും ജനപ്രീതി നേടിയ പാട്ടെഴുത്തുകാരനായ ബിച്ചുതിരുമലയ്ക്ക് എഴുപതു തികയുന്നു.

    നീണ്ട മുടിയിഴകള്‍ അലസമായി വീണുകിടക്കുന്ന മുഖം, മൂക്കിന്‍ തുമ്പത്ത് നിലയുറപ്പിച്ച കണ്ണട. ബിച്ചു തിരുമലയുടെ ഈ രൂപം ഇന്ന് ഏത് മലയാളിയും പെട്ടെന്ന തിരിച്ചറിയും. അതുപോലെ ആ തൂലികതുമ്പില്‍ നിന്നുതിര്‍ന്ന വാക്കുകള്‍ തീര്‍ത്ത ഗാനങ്ങളുടെ ഒഴുക്കിനെ തൊടാതെ കടന്നുപോകാന്‍ ഒരു മലയാളിക്കും കഴിയില്ല. അത്രമാത്രം ആസ്വാദകഹൃദയത്തെ ആ പാട്ടുകളത്രയും
    സ്വാധീനിച്ചിരിക്കുന്നു.

    എന്നാല്‍ ശിവശങ്കരന്‍ നായരെന്ന തിരുവനന്തപുരം തിരുമലക്കാരനെ ആര്‍ക്കുമറിയില്ല. സിനിമ സംവിധായകനാവുക എന്ന സ്വപ്‌നത്തിന്റെ ചിറകിലേറി മദ്രാസിലെത്തിയ ഈ ശിവശങ്കരന്‍ നായര്‍ക്ക് ശബരിമല ശ്രീധര്‍മ്മശാസ്താവ് എന്ന ചിത്രത്തില്‍ സഹസംവിധായകനാവാന്‍ അവസരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തിരുമലക്കാരന്‍ യുവാവിന്റെ നിയോഗം മറ്റൊന്നായിരുന്നു, പാട്ടെഴുത്തിന്റെ വഴി.

    'അക്കല്‍ദാമ'യിലെ 'നീലാകാശവും മേഘങ്ങളും...' എന്ന വരിയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ശിവശങ്കരന്‍ നായര്‍ ബിച്ചുതിരുമലയായി തീര്‍ന്നു. വളരെയേറെ പാട്ടുകളെഴുതിയ ഇദ്ദേഹത്തിന്റെ ഒട്ടുമിക്ക പാട്ടുകളും ഹിറ്റായിരുന്നു.

    കച്ചവട സിനിമയുടെ പാട്ടെഴുത്തില്‍, ഏതുരീതിയും തനിക്കു വഴങ്ങുമെന്ന് തെളിയിച്ച ബിച്ചുതിരുമലയുടെ എക്കാലവും ഓര്‍ക്കപ്പെടുന്ന പാട്ടുകളും ഏറെയാണ്. വാകപൂമരം ചൂടും..., ആയിരം മാതളപൂക്കള്‍..., ഒറ്റക്കമ്പി നാദം മാത്രം..., ഏഴു സ്വരങ്ങളും
    തഴുകിവരുന്നൊരു ഗാനം..., ശ്രുതിയില്‍ നിന്നുയരും..., മൈനാകം..., ഒരു മുറൈ വന്ത് പാര്‍ത്തായ..., മകളെ, പാതിമലരെ... തുടങ്ങി എത്രയോ നിത്യ ഹരിത ഗാനങ്ങള്‍ പിറന്ന തൂലിക.

    ഏറ്റവും ഒടുവിലായി 'മാധവേട്ടനും...' എന്ന തട്ടുപൊളിപ്പന്‍ ഗാനമെഴുതി 'അറബിയും ഒട്ടകവും, പി മാധവന്‍ നായരും' എന്ന പുതിയ സിനിമയുടെ ഭാഗമായി ചലച്ചിത്ര സംഗീതത്തിന്റെ പുത്തന്‍ തരംഗത്തിനൊപ്പം നീങ്ങാനും തനിക്ക് സാധിക്കും എന്നും ബിച്ചു തിരുമല തെളിയിച്ചിരിക്കുന്നു.

    സംഗീത സംവിധായകന്‍ ശ്യാമിനോടൊപ്പമാണ് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ സൃഷ്ടിച്ചതെങ്കിലും മലയാളത്തിലെ പ്രശസ്തരോടൊപ്പമെല്ലാം ബിച്ചു തിരുമല ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. എ.ടി ഉമ്മര്‍, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്‌റര്‍, രവീന്ദ്രന്‍ മാസ്‌റര്‍, ജെറി അമല്‍ദേവ് എന്നിവര്‍ക്കൊപ്പമെല്ലാം മികച്ച പാട്ടുകള്‍ തീര്‍ത്ത ബിച്ചുതിരുമലയുടെ പ്രശസ്തമായ ലളിതഗാനങ്ങളും ഇന്നും മലയാളിയുടെ ഹൃദയ്‌ത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഗാനങ്ങളാണ്.

    മാമാങ്കം...പലകുറി..., ചില്ലിട്ട വാതിലില്‍... തുടങ്ങിയ മനോഹരഗാനങ്ങള്‍. ബിച്ചു തിരുമലയുടെ പ്രണയ ഗാനങ്ങളും താരാട്ടുപാട്ടുകളും ഏറെ ഹൃദയഹാരിയാണ്. ഇത്രയധികം ഗാനങ്ങളെഴുതിയിട്ടും അര്‍ഹമായ അംഗീകാരങ്ങളൊന്നും ലഭിക്കാത്തതില്‍ പരിഭവം പോലും പറയാത്ത ബിച്ചുതിരുമല അവാര്‍ഡുകളെ വലിയ കാര്യമായ് എടുക്കുന്നില്ല.

    പി ഭാസ്‌ക്കരന് ലഭിക്കാത്ത, മധുവിന് ലഭിക്കാത്ത പത്മശ്രീ പോലുള്ള അംഗീകാരങ്ങളൊക്കെ അനര്‍ഹരെന്ന് തോന്നുന്ന പലര്‍ക്കും ലഭിക്കുമ്പോഴും, അംഗീകാരങ്ങള്‍ക്കു മുന്നില്‍ വ്യക്തികള്‍ തലകുനിച്ചു നില്‍ക്കുന്ന കാലത്തും, പ്രേക്ഷക ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ അംഗീകാരങ്ങള്‍ തന്നെയാണ് ഏറ്റവും വിലപ്പെട്ടവ എന്നു തന്നെയാണ് കാലം തെളിയിക്കുന്നത്.

    സപ്തതിയുടെ നിറവിലും എഴുത്തില്‍ മുഴുകിയിരിക്കുന്ന ബിച്ചുതിരുമലയും അദ്ദേഹത്തിന്റെ തൂലികയും ശതാഭിഷിക്തനാകും എന്നു നമുക്ക് പ്രത്യാശിക്കാം.

    English summary
    Famous Malayalam cinema lyrisist Bichu Thirumala celebrates hi 70th birthday. He is one among the most acceptable and celebrated lyrisist of Mlalayalam film industry. He started his career as an associate director
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X