»   » ചൊവ്വാഴ്ച സിനിമാ ബന്ദ്

ചൊവ്വാഴ്ച സിനിമാ ബന്ദ്

Posted By:
Subscribe to Filmibeat Malayalam
Home guard dies in road mishap near Kasargode
ചലച്ചിത്രരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ടി ബാലകൃഷ്ണന്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ചൊവ്വാഴ്ച സിനിമ ബന്ദ് നടത്തുന്നു.

മറ്റു സംഘടനകളുടെ എതിര്‍പ്പു മറികടന്നാണു ഫെഡറേഷന്‍ സമരരംഗത്തിറങ്ങുന്നത്. ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള തീയറ്ററുകള്‍ സമരത്തിനില്ല. നിലവില്‍ റിലീസിംഗ് തീയറ്ററുകളില്‍ 48 എണ്ണം ഫെഡറേഷനു കീഴിലും 22 എണ്ണം അസോസിയേഷനു കീഴിലുമാണ്.

ഇതിനിടെ ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കറിനെതിരേ പ്രസ്താവന നടത്തിയെന്ന പേരില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിനെതിരേ നടപടിയെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ചേംബറിന്റെ സഹായത്തോടെ നികുതി വെട്ടിച്ചെന്നാണു ബഷീര്‍ ആരോപിച്ചത്. തിങ്കളാഴ്ച കൊച്ചിയില്‍ നടക്കുന്ന ഫിലിം ചേംബറിന്റെ പ്രത്യേക നിര്‍വാഹകസമിതി യോഗത്തില്‍ ബഷീറിനെതിരേ വിലക്കടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നാണു സൂചന. അങ്ങനെയെങ്കില്‍ പ്രതിസന്ധി ഗുരുതരമാകും.

വ്യാപക റിലീസിംഗിനോടു മറ്റെല്ലാ സംഘടനകളും യോജിക്കുമ്പോഴും ഫെഡറേഷന്‍ എതിര്‍ക്കുന്നതാണു പ്രതിസന്ധിക്ക് പ്രധാന കാരണം. മേഖലയിലെ തങ്ങളുടെ കുത്തക കൈവിട്ടു പോകുമോയെന്നാണ് ഫെഡറേഷന്റെ ആശങ്ക.

മള്‍ട്ടിപ്ലക്‌സ് തിയെറ്ററുകള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, റിലീസിങ് കേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്ക് ഏകീകരിക്കുക, സീറോ ടാക്‌സ്, വൈദ്യുതി നിരക്ക് തുടങ്ങിയ പ്രശ്‌നങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇക്കാര്യങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണു ബന്ദ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam