»   » നടനുമപ്പുറം വളര്‍ന്ന ഹനീഫ

നടനുമപ്പുറം വളര്‍ന്ന ഹനീഫ

Posted By:
Subscribe to Filmibeat Malayalam
Kochin Haneefa
അഭിനയമായിരുന്നു പ്രധാന മേഖലയെങ്കിലും ഹനീഫയിലെ പ്രതിഭയെ പുറത്തുകൊണ്ടുവന്നത് അദ്ദേഹം കൈവെച്ച മറ്റ്് ചലച്ചിത്ര മേഖലകളായിരുന്നു. കഥ, തിരക്കഥ, സംവിധാനം, എന്നീ മേഖലകളിലെല്ലാം ഹനീഫ തന്റെ പ്രതിഭാ സ്പര്‍ശം തെളിയിച്ചു. മലയാളത്തില്‍ ഏഴും തമിഴില്‍ ആറും സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

1984 ല്‍ പുറത്തിറങ്ങിയ പിരിയില്ല നാം എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി കഥയെഴുതിയത്. തൊട്ടടുത്ത വര്‍ഷം പറയാതെ വയ്യ എന്ന ചിത്രത്തിനായി തിരക്കഥയൊരുക്കി. അതേവര്‍ഷം തന്നെ ഒരു സന്ദേശം കൂടിയെന്ന ചിത്രത്തിലൂടെ സംവിധായകന്റെ തൊപ്പിയും അണിഞ്ഞു.

മൂന്നു മാസങ്ങള്‍ക്ക് മുമ്പ്, വീണമീട്ടിയ വിലങ്ങുകള്‍, വാല്‍സല്യം, ഭീഷ്മാചാര്യ, ആണ്‍കിളിയുടെ താരാട്ട്, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയ്ക്ക്, ഒരു സന്ദേശം കൂടി എന്നിവയാണ് മലയാളത്തില്‍ ഹനീഫ സംവിധാനം ചെയ്ത ചിത്രങ്ങള്‍. പാശ പറവൈകള്‍, പാടാത തേനികള്‍, പാശമഴൈ, പഗലില്‍ പൌര്‍ണമി, പിള്ളൈ പാശം, വാസലിലേ ഒരു വെണ്ണിലാ തുടങ്ങിയ തമിഴ് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. ലാല്‍ അമേരിക്കയില്‍, കടത്തനാടന്‍ അമ്പാടി, ഇണക്കിളി, പുതിയ കരുക്കള്‍, ഭീഷ്മാചാര്യ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിച്ചത്. ഹാസ്യരാജാവായി മാറിയ കാലത്ത് അദ്ദേഹം സംവിധാനം ചെയ്ത വാത്സല്യം പ്രേക്ഷകരെ ഏറെ നൊമ്പരപ്പെടുത്തുന്ന ഒരു കുടുംബചിത്രം കൂടിയായിരുന്നു.

മഹാനദി പോലെ ഏറെ ശ്രദ്ധേയമായ സിനിമയില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് തമിഴില്‍ തന്റെ സാന്നിധ്യമുറപ്പച്ച ഹനീഫ കോളിവുഡിലെ വമ്പന്‍ സംവിധായകന്‍ ഷങ്കറിന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളായി മാറി.

തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍, രജനീകാന്ത് തുടങ്ങി ഒട്ടുമിക്ക നടീനടന്‍മാര്‍ മാത്രമല്ല, കരുണാനിധി, ജയലളിത തുടങ്ങിയ രാഷ്ട്രീയനേതാക്കന്‍മാരും ഹനീഫയുടെ സൗഹൃദവലയത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നറിയുമ്പോഴാണ് ഹനീഫയെന്ന വ്യക്തിയെ കൂടുതലായി നമ്മള്‍ തിരിച്ചറിയുക.

ഹാസ്യവേഷങ്ങളിലൂടെ വാണിജ്യസിനിമയുടെ ഭാഗമായി നിന്നപ്പോഴും സൂത്രധാരന്‍, കണ്ണകി അടക്കമുള്ള ചിത്രങ്ങളില്‍ ക്യാരക്ടര്‍ റോളുകള്‍ അദ്ദേഹം മികച്ച രീതിയില്‍ അവതരിപ്പിച്ചു. സൂത്രധാരനിലെ പ്രകടനം മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് 2001 ല്‍ നേടിക്കൊടുത്തു. മികച്ച സഹനടനുള്ള പുരസ്‌കാരം 1999 ലും നേടി. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ പ്രതിഭയെ അളക്കാനുള്ള അളവുകോലല്ലെന്ന് നിസംശയം പറയാം.

ലോഹിയും മുരളിയും രാജന്‍ പി ദേവുമെല്ലാം പോയതിന്റെ നടുക്കം വിട്ടുമാറും മുമ്പെയാണ് ഹനീഫയും നമ്മെ വിട്ടുപിരിയുന്നത്. ഒരിയ്ക്കലും തിരിച്ചുവരാത്ത യാത്രയ്ക്കാണ് പോകുന്നതെങ്കിലും ഹനീഫ ഒരര്‍ത്ഥത്തില്‍ ഭാഗ്യവാന്‍ തന്നെയാണ്.. ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത ഒരുപാട് കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക മനസ്സുകളില്‍ എന്നും ജീവിച്ചിരിയ്ക്കും. അങ്ങനെയൊരു ഭാഗ്യം അധികമാര്‍ക്കും ലഭിക്കാറില്ലല്ലോ....
മുന്‍ പേജില്‍
ചിരിപ്പിക്കാന്‍ ഇനി ഹനീഫിക്കയില്ല

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam