»   » റോഷന്‍ ആന്‍ഡ്രൂസിനൊപ്പം വിക്രം

റോഷന്‍ ആന്‍ഡ്രൂസിനൊപ്പം വിക്രം

Posted By:
Subscribe to Filmibeat Malayalam
Vikram
തമിഴ് നടനെന്ന നിലയില്‍ നിന്നും ഇന്ത്യയിലെ മുന്‍നിര നടന്‍മാരിലൊരാളായി മാറിയ വിക്രം മലയാളത്തിലേക്ക്. റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമയിലൂടെയാണ് തമിഴരുടെ ചിയാന്‍ വിക്രം വീണ്ടും മലയാളത്തിലെത്തുന്നത്.

കഴിഞ്ഞയാഴ്ച റോഷന്‍ ആന്‍ഡ്രൂസ് ചെന്നൈയിലെത്തി വിക്രമിനെ നേരില്‍ക്കണ്ടിരുന്നു. തന്റെ ഫേവറിറ്റ് തിരക്കഥാകാരന്‍മാരായ ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയും കൈയ്യില്‍ വെച്ചുകൊണ്ടാണ് റോഷന്‍ വിക്രമിനെ കണ്ടത്. കഥയുടെ വണ്‍ലൈന്‍ കേട്ടയുടനെ വിക്രം സിനിമ ചെയ്യാന്‍ സമ്മതം മൂളുകയും ചെയ്തു.


ഏറെ തിരക്കുകളുള്ള വിക്രം കഥ കേള്‍ക്കാന്‍ രണ്ടു മണിക്കൂറാണ് നീക്കിവെച്ചതെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. കഥ കേട്ടയുടനെ ഹസ്തദാനം നല്‍കി നമുക്ക് പ്രൊജക്ട് ചെയ്യാമെന്ന് വിക്രം പറയുകയായിരുന്നു. വിക്രം പോലൊരു ഫൈവ്സ്റ്റാറിനെ മലയാള സിനിമയ്ക്ക് താങ്ങാന്‍ കഴിയുമോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റില്ല. ഈ സംശയവും റോഷന്‍ തന്നെ തീര്‍ക്കുന്നു.

പ്രതിഫലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ പ്രൊജക്ടിന് വേണ്ടി പ്രതിഫലമൊന്നും വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു വിക്രമിന്റെ മറുപടിയത്രേ. തന്നെ ഏറെ സ്‌നേഹിയ്ക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് എന്തെങ്കിലും തിരിച്ചുനല്‍കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും വിക്രം പറയുന്നു.

നേരത്തെ സംവിധായകന്‍ ബ്ലെസിയ്ക്കും വിക്രം ഡേറ്റ് നല്‍കിയിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമുള്ള മലയാളത്തിലേക്കുള്ള വിക്രമിന്റെ മടങ്ങിവരവ് ബ്ലെസി ചിത്രത്തിലൂടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെട്ടിരുന്നത്. എ്ന്നാല്‍ ഇതിനിടയിലാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രം വിക്രം കമ്മിറ്റ് ചെയ്തിരിയ്ക്കുന്നത്.

ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള തമിഴ് പ്രൊജക്ടുകള്‍ തീര്‍ക്കുന്ന തിരക്കിലാണ് വിക്രം. ഇതിനിടെ മോഹന്‍ലാല്‍ നായകനാവുന്ന കാസനോവയുടെ വര്‍ക്കുകള്‍ റോഷനും പൂര്‍ത്തിയാക്കും. ഇതിന് ശേഷം 2011ന്റെ ആദ്യപാദത്തില്‍ വിക്രമിന്റെ മലയാള ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്ക്കാനാണ് റോഷന്റെ തീരുമാനം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam