സായികുമാറിന് ലാലിന്റെ അച്ഛന്‍ വേഷം
സിനിമയിലെത്തുമ്പോള്‍ ഒരു തികഞ്ഞ മോഹന്‍ലാല്‍ ആരാധകനായിരുന്നു സായികുമാര്‍. ആ ആരാധനയില്‍ ഇപ്പോഴും മാറ്റമുണ്ടായിരിക്കണമെന്നില്ല. മോഹന്‍ലാലിന്റെ സിനിമകള്‍ കാണുന്നത് ഹരമാക്കിയിരുന്ന സായികുമാര്‍ സിനിമയിലെത്തിയതോടെ നായകനായും പിന്നീട് നായകനോളം പോന്ന വലിയ വില്ലനായും വളര്‍ന്നു.
മോഹന്‍ലാലിന്റെ പല സിനിമകളിലും സായികുമാര്‍ വില്ലനായി വേഷമിട്ടിട്ടുണ്ട്. നായകനോളം പോന്ന വില്ലന്‍. പക്ഷേ അന്നൊന്നും മോഹന്‍ലാലിന്റെ അച്ഛനായി വേഷം കെട്ടേണ്ടി വരുമെന്ന് സായികുമാര്‍ കരുതിയിരിക്കില്ല.
തിലകനും നെടുമുടി വേണുവുമൊക്കെയാണ് മോഹന്‍ലാലിന്റെ അച്ഛനായുള്ള വേഷങ്ങള്‍ക്ക് സിനിമയില്‍ പേരെടുത്തിട്ടുള്ളത്. എന്നാല്‍ അന്‍വര്‍ റഷീദിന്റെ ഛോട്ടാ മുംബൈയില്‍ പ്രായം കൊണ്ട് മോഹന്‍ലാലിനേക്കാള്‍ ചെറുപ്പമായ സായികുമാറാണ് ലാലിന്റെ അച്ഛനായി വേഷമിടുന്നത്.
വാസ്കോഡഗാമ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വാസ്കോയുടെ ഫയല്‍മാനായ അച്ഛനായി സായികുമാര്‍ വേഷമിടുന്നു.
അന്‍വര്‍ റഷീദിന്റെ രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ രണ്ടാനച്ഛനായിട്ടായിരുന്നു സായികുമാറിന്റെ വേഷം. മമ്മൂട്ടിയുടെ അമ്മയെ വിവാഹം ചെയ്യുന്ന ഒരു പ്രമാണിയുടെ വേഷം. അന്‍വര്‍ റഷീദിന്റെ മോഹന്‍ലാല്‍ ചിത്രത്തിലെത്തുമ്പോഴേക്കും നായകന്റെ അച്ഛന്‍ തന്നെ സായികുമാറിന് ലഭിച്ചിരിക്കുന്നു.


Click it and Unblock the Notifications