»   » മമ്മൂട്ടിക്ക് സിബിഐ വേഷം വേണ്ട

മമ്മൂട്ടിക്ക് സിബിഐ വേഷം വേണ്ട

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിക്ക് സിബിഐ വേഷം വേണ്ട
ഫിബ്രവരി 02, 2005

കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു സേതുരാമയ്യര്‍ സിബിഐ. സിബിഐ ഡയറിക്കുറിപ്പിന്റെ മൂന്നാം ഭാഗമായ ഈ ചിത്രത്തില്‍ സിബിഐ ഓഫീസറായ സേതുരാമയ്യര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒരു സൂപ്പര്‍ഹിറ്റാണ് ജനിച്ചത്.

സേതുരാമയ്യര്‍ സിബിഐയുടെ വന്‍വിജയത്തെ തുടര്‍ന്ന് സിബിഐ ഡയറിക്കുറിപ്പിന് നാലാം ഭാഗം ഒരുക്കാന്‍ സംവിധായകന്‍ കെ. മധുവും തിരക്കഥാകൃത്ത് എസ്. എന്‍. സ്വാമിയും ആലോചിച്ചിരുന്നു. മമ്മൂട്ടി സമ്മതം മൂളിയതോടെ ഈ പ്രൊജക്ടിനെ കുറിച്ച് അനൗണ്‍സ് ചെയ്തു. സിബിഐ സേതുരാമയ്യര്‍ വീണ്ടുമെത്തുമ്പോള്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് കൂടി പിറക്കും എന്ന പ്രതീക്ഷയില്‍ കെ. മധുവും എസ്. എന്‍. സ്വാമിയും നാലാം ഭാഗത്തിന്റെ കടലാസ് ജോലികള്‍ ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോഴിതാ തല്‍ക്കാലം സിബിഐക്ക് നാലാം ഭാഗം വേണ്ടെന്ന് മമ്മൂട്ടി സംവിധായകനെയും തിരക്കഥാകൃത്തിനെയും അറിയിച്ചിരിക്കുന്നു. ഒരു വര്‍ഷമെങ്കിലും കഴിഞ്ഞ് വേണമെങ്കില്‍ ഈ പ്രൊജക്ടിനെ കുറിച്ച് ആലോചിക്കാമെന്നാണ് മമ്മൂട്ടിയുടെ നിര്‍ദേശം. സിബിഐയുടെ നാലാം ഭാഗമായ ചിത്രം മമ്മൂട്ടിയില്ലാതെ തുടങ്ങാനാവില്ലല്ലോ. അതുകൊണ്ട് ഈ പ്രൊജക്ട് തത്കാലം മാറ്റിവച്ചിരിക്കുകയാണ് അണിയറശില്പികള്‍.

തനിക്ക് ഒരു സൂപ്പര്‍ഹിറ്റ് ഒരുക്കിത്തന്ന ചിത്രത്തിന്റെ അടുത്ത ഭാഗം തത്കാലം വേണ്ടെന്ന് വച്ചിരിക്കുകയാണ് മമ്മൂട്ടി. അതിന് കാരണവുമുണ്ട്. ആവര്‍ത്തനങ്ങള്‍ പ്രേക്ഷകരെ മടുപ്പിക്കുമെന്നതിനാല്‍ ഒരു വര്‍ഷമെങ്കിലും കഴിഞ്ഞുമതി അങ്ങനെയൊരു പ്രൊജക്ടിനെ കുറിച്ച് ആലോചിക്കുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്.

കഥാപാത്രങ്ങളെ സ്വീകരിക്കുന്നതില്‍ ഏറ്റവും ശ്രദ്ധ കാട്ടുന്ന നടനാണല്ലോ മമ്മൂട്ടി. പ്രത്യേകിച്ചും ഒന്നിന് പിറകെ ഒന്നായി ഹിറ്റുകളുമായി കരിയറിലെ വളര്‍ച്ചയുടെ ഉന്നതിയിലെത്തി നില്‍ക്കുന്ന ഈ സമയത്ത് കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമാക്കാന്‍ മമ്മൂട്ടി ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഒരു ഇടവേളക്ക് ശേഷം മതി ഒരിക്കല്‍ക്കൂടി സേതുരാമയ്യരുടെ വേഷം കെട്ടുന്നതെന്ന് മമ്മൂട്ടി തീരുമാനിച്ചത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X