twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീരയില്ലാതെ ഒരു ലോഹി ചിത്രം!

    By Staff
    |

    മീരയില്ലാതെ ഒരു ലോഹി ചിത്രം!
    ഫിബ്രവരി 3, 2006

    സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും വിവാദങ്ങളും ലോഹിതദാസിന്റെ കരിയര്‍ ഒരു പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. ലോഹിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം ചക്രം വന്‍പരാജയമായിരുന്നു. സാമ്പത്തിക വിജയം പ്രതീക്ഷിച്ച് തമിഴില്‍ കസ്കൂരിമാന്‍ റീമേക്ക് ചെയ്തതും തിരിച്ചടിയായി.

    മലയാളത്തില്‍ നിന്നും തമിഴില്‍ റീമേക്ക് ചെയ്ത കസ്കൂരിമാന്‍ വന്‍പരാജയമാണ് ഏറ്റുവാങ്ങിയത്. ചക്രത്തിനു ശേഷം ചെമ്പട്ട് എന്നൊരു ചിത്രം തുടങ്ങിയതാണെങ്കിലും ആ ചിത്രത്തിന്റെ ജോലികള്‍ മുന്നോട്ടുകൊണ്ടുപോകാനായില്ല. മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളിലൊരാളെന്ന പേരെടുത്തിട്ട് ലോഹിതദാസിന്റെ സിനിമാജീവിതം ഒരു ഘട്ടത്തില്‍ മുടന്തുന്ന അവസ്ഥയിലെത്തി.

    ഏതായാലും മലയാളത്തില്‍ വീണ്ടുമൊരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് ലോഹിതദാസ്. അതിനായി അദ്ദേഹം ഒന്നിക്കുന്നത് ജയറാമുമായാണ്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം ജയറാമും ഒരു തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. കാരുണ്യത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തൂവല്‍ക്കൊട്ടാരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുളള ലോഹിതദാസ് അത്തരം ചിത്രങ്ങളുടെ സുവര്‍ണകാലത്തിലേക്കാണ് തിരിച്ചുപോകാനാണ് ശ്രമിക്കുന്നത്.

    നീണ്ട ഇടവേളക്കു ശേഷം ലോഹിയും ജയറാമും ഒന്നിക്കുന്നുവെന്നതിനേക്കാള്‍ വലിയ സവിശേഷതയുണ്ട് ഈ ചിത്രത്തിന്. ഈ ചിത്രത്തില്‍ നായികയാവുന്നത് മീരാ ജാസ്മിനല്ല എന്നതു തന്നെയാണ് ആ പ്രത്യേകത. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് ലോഹിതദാസ് മീരാ ജാസ്മിനെ സിനിമാലോകത്തിന് പരിചയപ്പെടുത്തുന്നത്. അതിനു ശേഷമിറങ്ങിയ എല്ലാ ലോഹി ചിത്രങ്ങളിലും മീരയായിരുന്നു നായിക. കസ്തൂരിമാന്‍, ചക്രം എന്നീ ചിത്രങ്ങളിലും കസ്തൂരിമാന്റെ തമിഴ് റീമേക്കിലും മീര തന്നെ നായികയായി. ഒപ്പം ഇരുവരെയും ചുറ്റിപ്പറ്റി വിവാദങ്ങളും ഗോസിപ്പുകളും പഞ്ഞമില്ലാതെ തുടര്‍ന്നുകൊണ്ടിരുന്നു.

    ഏതായാലും മീരയില്ലാതെ ഒരു ലോഹി ചിത്രമെത്തുകയാണ്. ഒരു പുതുമുഖത്തെയാണത്രെ ലോഹി ഈ ചിത്രത്തില്‍ നായികയാക്കുന്നത്. മീരയുമായി പിണങ്ങിയതിനെ തുടര്‍ന്നാണ് ലോഹിയുടെ ഈ മനംമാറ്റമെന്നും റിപ്പോര്‍ട്ടുണ്ട്.

    ലോഹിതദാസ് തന്നെ രചന നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് മലയാളത്തിലെ പ്രമുഖ ബ്രാന്റായിരുന്ന സെവന്‍ ആര്‍ട്സ് ആണ്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X