മോഹന്‍ലാലിന്റെ രൂപപ്പകര്‍ച്ച
വൃദ്ധനായി വേഷമിടാന്‍ മേക്കപ്പിലൂടെ താരത്തെ അടിമുടി മാറ്റുന്ന ജാലവിദ്യ മുമ്പും ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടുണ്ട്. ഇന്ത്യന്‍ എന്ന തമിഴ് ചിത്രത്തില്‍ കമലഹാസനാണ് മേക്കപ്പിലൂടെ അസാധാരണമായ രൂപമാറ്റം പരീക്ഷിച്ചത്. ഒറ്റനോട്ടത്തില്‍ കമലഹാസനാണെന്ന് തിരിച്ചറിയാനാവാത്ത രൂപമാറ്റം. ചിത്രത്തില്‍ കമലഹാസന്റെ ഭാര്യയായി അഭിനയിച്ച സുകന്യയ്ക്കുമുണ്ടായിരുന്നു സമാനമായ രൂപമാറ്റം.
കല്യാണരാമന്‍ എന്ന ചിത്രത്തില്‍ വൃദ്ധനായി ചില രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ദിലീപും ഇതുപോലൊരു മേക്കപ്പ് പരീക്ഷണം നടത്തി. താരത്തിന്റെ യുവത്വത്തെ പൂര്‍ണമായും മറച്ചുവയ്ക്കുന്ന മേക്കപ്പായിരുന്നു ഈ ചിത്രത്തിലും.
പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന പരദേശി എന്ന ചിത്രത്തില്‍ മോഹന്‍ലാലും ഇതുപോലൊരു അസാധാരണമായ രൂപമാറ്റം നടത്തുന്നു. സ്വന്തം നാട്ടില്‍ പാക് പൗരനായി ജീവിക്കേണ്ടി വരുന്ന വൃദ്ധനായ വലിയകത്ത് മൂസ എന്ന കഥാപാത്രമായി അസാധാരണമായ രൂപപ്പകര്‍ച്ചയാണ് മേക്കപ്പിന്റെ സഹായത്തോടെ മോഹന്‍ലാല്‍ സാധ്യമാക്കിയിരിക്കുന്നത്.
മലപ്പുറത്തെ പാകിസ്ഥാന്‍ പൗരന്‍മാര്‍ എന്ന് മുദ്രയടിക്കപ്പെട്ട ഏതാനും പേരുടെ ദുരിതങ്ങളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. വിഭജനത്തിന്റെ നാളുകളില്‍ പാകിസ്ഥാനില്‍ നിന്നും സ്വന്തം നാടായ മലപ്പുറത്ത് തിരിച്ചെത്തിയ വലിയകത്ത് മൂസക്ക് ഇന്ത്യക്കാരനാണെന്ന അംഗീകാരം നേടിയെടുക്കാനാവുന്നില്ല. മൂസയുടെ വിവിധ പ്രായഘട്ടങ്ങളിലൂടെയാണ് ഈ ചിത്രം കടന്നുപോവുന്നത്.
ഒറ്റപ്പാലത്തും രാജസ്ഥാനിലുമായി ചിത്രീകരിച്ച ചിത്രം പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്.


Click it and Unblock the Notifications