എന്റെ വീട്....അപ്പൂന്റേം....
എന്റെ വീട്....അപ്പൂന്റേം....
ഫിബ്രവരി 02, 2003
ജയറാമും ജ്യോതിര്‍മയിയും നായികാനായകന്മാരായി അഭിനയിക്കുന്ന സിബി മലയില്‍ ചിത്രത്തിന് എന്റെ വീട്....അപ്പൂന്റേം.... എന്ന് പേരിട്ടു.
ഈ ചിത്രത്തില്‍ ജയറാമിന്റെ മകന്‍ കാളിദാസനും അഭിനയിക്കുന്നുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച കാളിദാസന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
ഒരു കുടുംബ കഥയാണ് സിബി ഈ ചിത്രത്തില്‍ പറയുന്നത്. ബാങ്ക് മാനേജറായ വിശ്വമായി ജയറാമും ഭാര്യ മീരയായി ജ്യോതിര്‍മയിയും അഭിനയിക്കുന്നു. ഇവരുടെ മകനായ വാസുദേവനെയാണ് കാളിദാസന്‍ അവതരിപ്പിക്കുന്നത്.
ബാങ്ക് മാനേജറായ വിശ്വത്തിന്റെയും മീരയുടെയും മകനാണ് വാസുദേവന്‍. പ്രൈമറി ക്ലാസില്‍ പഠിക്കുന്ന വാസുദേവന്റെ സന്തോഷമാണ് ആ കുടുംബത്തിന്റെയും സന്തോഷം. വിശ്വവും മീരയും വസുവിന് സ്നേഹവാത്സല്യങ്ങള്‍ കോരിച്ചൊരിയുന്നുണ്ടെങ്കിലും തനിക്ക് വേണ്ടത്ര സ്നേഹം കിട്ടുന്നില്ലെന്ന തോന്നലാണ് അവന്.
വാസുവിന്റെ കൂട്ടുകാര്‍ അവന്റെ ഈ തോന്നലിനെ ബലപ്പെടുത്തി. അവന്റെ സംശയങ്ങള്‍ അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കാണ് വളര്‍ന്നത്.
നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സിദ്ദിക്ക്, കെ. പി. എ. സി. ലളിത, ജോസ് പ്രകാശ്, പ്രേംപ്രകാശം, ഷമ്മി തിലകന്‍, സുബൈര്‍, ഗീതാ സലാം തുടങ്ങിയവരെ കൂടാതെ നിര്‍മാതാവ് പ്രേംപ്രകാശും ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നു.
ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മാതാവ് പ്രേംപ്രകാശിന്റെ മക്കളാണ് ബോബിയും സഞ്ജയും. ഛായാഗ്രഹണം വേണുഗോപാല്‍. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. പ്രകാശ് മൂവിടോണിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സെലിബ്രേറ്റ് സ്ക്രീന്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.


Click it and Unblock the Notifications