ദിലീപ് എന്ന പെണ്‍കുട്ടി
ദിലീപ് എന്ന പെണ്‍കുട്ടി
ഫിബ്രവരി 04, 2005
മീശമാധവന്‍ മാജിക് ആവര്‍ത്തിക്കാനുള്ള ലാല്‍ ജോസ്- ദിലീപ് ടീമിന്റെ ശ്രമം രസികനില്‍ പാളിപ്പോയെങ്കിലും ഹിറ്റ് പ്രതീക്ഷയുമായി ഇരുവരും വീണ്ടുമെത്തുന്നു. ഇത്തവണ വളരെ രസകരമായ ഒരു കഥാപാത്രത്തെയാണ് ലാല്‍ ജോസ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്.
രാധ എന്ന പെണ്‍കുട്ടി എന്നാണ് ലാല്‍ ജോസ്- ദിലീപ് ടീമിന്റെ പുതിയ ചിത്രത്തിന്റെ പേര്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. നേരത്ത ചിത്രത്തിന് അത്ഭുതവിളക്ക് എന്നാണ് പേരിട്ടിരുന്നത്. എന്നാല്‍ വിനയന്‍ തന്റെ പുതിയ ചിത്രത്തിന് അത്ഭുതദ്വീപ് എന്ന് പേരിട്ടതോടെ ലാല്‍ ജോസ് ചിത്രത്തിന്റെ പേര് രാധ എന്ന പെണ്‍കുട്ടി എന്നാക്കി.
ടൈറ്റില്‍ റോളില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന് ഏറെ പ്രത്യേകതകളുണ്ട്. ഒരു മുക്കുവ കുടുംബത്തില്‍ പിറന്ന രാധാകൃഷ്ണനെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ആണാണെങ്കിലും അച്ഛനമ്മമാര്‍ രാധാകൃഷ്ണനെ പെണ്‍കുട്ടിയെ പോലെയാണ് വളര്‍ത്തുന്നത്. പെണ്ണായി വളര്‍ത്തപ്പെട്ട രാധാകൃഷ്ണന്‍ സ്ത്രൈണതയോടെ പെരുമാറാന്‍ നിര്‍ബന്ധിതനായി. പെണ്ണായി വേഷം കെട്ടിയ രാധാകൃഷ്ണന്റെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോവുന്നത്.
കുഞ്ഞിക്കൂനന്‍, കല്യാണരാന്‍ എന്നീ ഹിറ്റ് ദിലീപ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ബെന്നി പി. നായരമ്പലമാണ് രാധ എന്ന പെണ്‍കുട്ടിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ബെന്നിയുടെ അറബിക്കടലും അത്ഭുതവിളക്കും എന്ന നാടകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്.


Click it and Unblock the Notifications