ക്രിമിനല്‍ അഭിഭാഷകനായി സുരേഷ് ഗോപി
ക്രിമിനല്‍ അഭിഭാഷകനായി സുരേഷ് ഗോപി
ഫിബ്രവരി 5, 2006
പൊലീസ് വേഷങ്ങളില്‍ നിന്ന് സുരേഷ് ഗോപിക്ക് താത്കാലിക മുക്തി. ആവര്‍ത്തിച്ചുള്ള പൊലീസ് വേഷങ്ങള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മടുത്തേക്കുമെന്ന ആശങ്കയ്ക്കിടെ പുതിയ വേഷത്തിലും ഭാവത്തിലും സുരേഷ് ഗോപിയെത്തുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തില്‍ ക്രിമിനല്‍ അഭിഭാഷകന്‍ ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
ഭരത്ചന്ദ്രന്‍ ഐപിഎസിലൂടെ തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപിക്കു അടുത്ത ചിത്രത്തിലും പൊലീസ് വേഷമായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈഗറില്‍ വീണ്ടും പൊലീസ് വേഷം കെട്ടിയ സുരേഷ് ഗോപിക്ക് ഭരത്ചന്ദ്രന്റെ വിജയം രണ്ടാമത്തെ ചിത്രത്തില്‍ ആവര്‍ത്തിക്കാനായില്ല.
നേരത്തെ ഷാജി കൈലാസ് സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളിലും സുരേഷ് ഗോപിക്കു പൊലീസ് വേഷം തന്നെയായിരുന്നു. ഏകലവ്യന്‍, കമ്മിഷണര്‍, എഫ്ഐആര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരേഷ് ഗോപി ഏതായാലും പുതിയ ഷാജി കൈലാസ് ചിത്രത്തില്‍ മറ്റൊരു വേഷമണിയുകയാണ്.
ടൈഗറിനു തൊട്ടുപിന്നാലെയാണ് ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നത്. ഒരു കൊലക്കേസ് അന്വേഷിക്കുന്ന അഭിഭാഷകന്റെ വേഷത്തില്‍ വ്യത്യസ്തമായ രൂപഭാവങ്ങളോടെയാണ് സുരേഷ് ഗോപി ഈ സസ്പെന്‍സ് ത്രില്ലറില്‍ പ്രത്യക്ഷപ്പെടുന്നത്.
മെഡിക്കല്‍ കോളജില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ ചിന്താമണി എന്ന ബ്രാഹ്മണ പെണ്‍കുട്ടി ഹോസ്റലിലെ കടുത്ത റാംഗിംഗിനെ തുടര്‍ന്ന് കൊല്ലപ്പെടുന്നു. ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ക്രിമിനല്‍ അഭിഭാഷകന്‍ ലാല്‍കൃഷ്ണ വിരാടിയാറാണ് സുരേഷ് ഗോപി എത്തുന്നത്. ചിന്താമണിയായി അഭിനയിക്കുന്നത് ഭാവനയാണ്.
രേഖ, സായികുമാര്‍, മുരളി, മനോജ് കെ.ജയന്‍, സിദ്ദിഖ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.


Click it and Unblock the Notifications