»   » ഹരിശ്രീ അശോകന്‍ നായകനാവുന്നു

ഹരിശ്രീ അശോകന്‍ നായകനാവുന്നു

Posted By:
Subscribe to Filmibeat Malayalam

ഹരിശ്രീ അശോകന്‍ നായകനാവുന്നു
ഫിബ്രവരി 07, 2003

അനില്‍ ബാബു സംവിധാനം ചെയ്യുന്ന കുസൃതിയില്‍ ഹരിശ്രീ അശോകന്‍ നായകനാവുന്നു. ആദ്യമായാണ് ഹരിശ്രീ അശോകന്‍ നായകവേഷമണിയുന്നത്.

സര്‍ക്കസറിയാതെ സര്‍ക്കസ് കൂടാരത്തിലെത്തിപ്പെടുന്ന കുമാരന്‍ എന്ന കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന്‍ കുസൃതിയില്‍ അവതരിപ്പിക്കുന്നത്. ചിപ്പിയുടെ സഹോദരി മുത്താണ് ചിത്രത്തിലെ നായിക.

കുമാരന് അവന്‍ പോലുമറിയാതെ ചില അത്ഭുതസിദ്ധികളുണ്ട്. സര്‍ക്കസ് വിദ്യകളൊന്നും അറിയാഞ്ഞിട്ടും റിംഗില്‍ ശോഭിക്കാന്‍ അവന് കഴിഞ്ഞത് ഈ സിദ്ധികള്‍ മൂലമാണ്. സര്‍ക്കസ് കലാകാരനായ ചാമ്പ്യന്‍ ഭാസ്കരനായിട്ടാണ് അവന്‍ സര്‍ക്കസിലെത്തിപ്പെട്ടത്. യഥാര്‍ഥ ചാമ്പ്യന്‍ ഭാസ്കരന്‍ ആണയിട്ടു പറഞ്ഞിട്ടും ആളുമാറിയ കാര്യം ആരും വിശ്വസിച്ചില്ല.

ഇതിനിടെ സര്‍ക്കസുടമയുടെ മകളെ വലവീശാന്‍ മാനേജരും കൂട്ടാളികളും ശ്രമം തുടങ്ങി. മകളുടെ പേരിലാണ് സര്‍ക്കസുടമ കമ്പനി എഴുതിവെച്ചിരിക്കുന്നത്. മകളെ വലവീശി പിടിക്കുന്നതിലൂടെ കമ്പനിയുടെ അവകാശം സ്വന്തമാക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഇതിനിടെ കുമാരനും ഉടമയുടെ മകള്‍ ലക്ഷ്മിയും തമ്മില്‍ പരിചയപ്പെട്ടു. ലക്ഷ്മിയെ പല ഘട്ടങ്ങളിലും കുമാരന്‍ സഹായിച്ചു.

മുത്താണ് ലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ചാമ്പ്യന്‍ ഭാസ്കരനെ ഇന്ദ്രന്‍സും. കലാഭവന്‍ മണി, രാജന്‍ പി. ദേവ്, നരേന്ദ്രപ്രസാദ്, സ്ഫടികം ജോര്‍ജ്, കൊച്ചുപ്രേമന്‍, മച്ചാന്‍ വര്‍ഗീസ്, കണ്ണൂര്‍ ശ്രീലത, രാധിക, ബിന്ദു എന്നിവരും ബാലതാരങ്ങളായ ശ്രീജിത്ത്, അരുണ്‍, മാധവി തേജസ് എന്നിവരും അഭിനയിക്കുന്നു.

രാജന്‍ കിരിയത്താണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അനില്‍ ബാബു-രാജന്‍ കിരിയത്ത് കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമാണിത്. മുന്‍ചിത്രങ്ങളായ അരമനവീടും അഞ്ഞൂറേക്കറും, പട്ടാഭിഷേകം, പകല്‍പ്പൂരം എന്നിവ ഹിറ്റായിരുന്നു.

എസ്. രമേശന്‍നായരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു. യേശുദാസ്, എം. ജി. ശ്രീകുമാര്‍, ചിത്ര എന്നിവരെ കൂടാതെ കലാഭവന്‍ മണിയും ഒരു ഗാനം ആലപിച്ചിരിക്കുന്നു. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X