മോഹന്‍ലാല്‍ വീണ്ടും മീശ പിരിക്കുന്നു
മോഹന്‍ലാല്‍ വീണ്ടും മീശ പിരിക്കുന്നു
ഫിബ്രവരി 09, 2004
ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വാമനപുരം ബസ്റൂട്ട് എന്നീ ചിത്രങ്ങളുടെ പരാജയം മറ്റൊരു ട്രാക്ക് മാറ്റത്തെ പറ്റി ചിന്തിക്കാന്‍ മോഹന്‍ലാലിന് പ്രേരണയായെന്ന് തോന്നുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് വീരപരിവേഷമുള്ള ഒരു കഥാപാത്രത്തെയാണ്.
പുലിക്കാട്ടില്‍ ചാര്‍ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കോട്ടയംകാരനായ ഒരു പ്ലാന്ററാണ് ചാര്‍ളി. നാട്ടുകാര്‍ അയാളെ ഒരു നാട്ടുരാജാവിനെ പോലെ സ്നേഹിക്കുന്നു. ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെ വീരന്മാരായ നായകരുടെ മാതൃകയില്‍ വാര്‍ത്തെടുത്ത കഥാപാത്രമാണ് ചാര്‍ളി.
നാട്ടുരാജാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം താണ്ഡവത്തിന് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ്. മോഹന്‍ലാലിന്റെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബാലേട്ടന് തിരക്കഥ രചിച്ച ടി. എ. ഷാഹിദാണ് നാട്ടുരാജാവിന് തിരക്കഥ ഒരുക്കുന്നത്.
വീരപരിവേഷമുള്ള കഥാപാത്രങ്ങളുടെ ആവര്‍ത്തനം മോഹന്‍ലാലിന് തിരിച്ചടിയായപ്പോഴാണ് കോമഡിക്കും കുടുംബകഥയ്ക്കും പ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ ഒരു ട്രാക്ക് മാറ്റം മോഹന്‍ലാല്‍ നടത്തിയത്. ബാലേട്ടന്‍ പ്രേക്ഷകര്‍ സ്വീകരിക്കുകയും കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മോഹന്‍ലാല്‍ തിരിച്ചുവരവ് നടത്തുന്നു എന്ന പ്രതീതിയുണര്‍ത്തുകയും ചെയ്തെങ്കിലും ബാലേട്ടന്‍ ഫോര്‍മുലയ്ക്കൊപ്പിച്ച് തുടര്‍ന്നൊരുക്കിയ ചിത്രങ്ങള്‍ പരാജയമായി. ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വാമനപുരം ബസ്റൂട്ട് എന്നീ ചിത്രങ്ങളെ പ്രേക്ഷകര്‍ നിരാകരിച്ചതോടെ വീരപരിവേഷമുള്ള കഥാപാത്രങ്ങളിലേക്ക് തിരിച്ചുപോവുകയാണ് മോഹന്‍ലാല്‍.
നാട്ടുരാജാവില്‍ ഭാവന ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് ഭാവന. മോഹന്‍ലാല്‍ ചിത്രത്തില്‍ ഭാവന അഭിനയിക്കുന്നത് ആദ്യമായാണ്. ഏറെ കാലത്തിന് ശേഷം ലക്ഷ്മി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകത കൂടി നാട്ടുരാജാവിനുണ്ട്.
സായികുമാര്‍, ജഗതി, വിജയരാഘവന്‍, കലാഭവന്‍ മണി, റിയാസ് ഖാന്‍, ജഗദീഷ്, വിജയകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. രാവണപ്രഭുവിന് ശേഷം ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications