twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു അറബിക്കഥയിലെന്ന പോലെ

    By Staff
    |

    മുകുന്ദന്റെ ജീവിതത്തില്‍ സംഭവിച്ചത് ഒരു അറബിക്കഥയിലെന്ന പോലെ അസാധാരണവും കൗതുകരവുമായ സംഭവങ്ങളാണ്. നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനവും പരോപകാരവുമായി കഴിഞ്ഞുകൂടിയിരുന്ന ഒരാള്‍ ഗള്‍ഫിലെത്തിയപ്പോള്‍ നേരിടേണ്ടി വന്ന അസാധാരണമായ സംഭവങ്ങളുടെ കഥയാണ് അത്.

    നമ്മുടെ നാട്ടില്‍ ചില്ലറ ജോലികളുമായി കഴിഞ്ഞുകൂടുന്ന ചെറുപ്പക്കാര്‍ കടബാധ്യതകള്‍ തീര്‍ക്കാനും വീട്ടുകാരോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും ഏറ്റവും എളുപ്പവഴിയായി കാണുന്നത് എങ്ങനെയും വിസ ഒപ്പിച്ച് ഗള്‍ഫിലേക്ക് പോവുകയാണ്. അച്ഛന്‍ വരുത്തിവച്ച കടബാധ്യതകള്‍ തീര്‍ക്കാന്‍ മുകുന്ദന്‍ കണ്ട വഴിയും അതുതന്നെ. പാര്‍ട്ടിയില്‍ നിന്ന് അഞ്ച് വര്‍ഷം ലീവെടുത്ത് ദുബായിലേക്ക് അയാള്‍ യാത്രയായി.

    മരുഭൂമിയിലെ കൊടുംചൂടില്‍ മുകുന്ദന്റെ പ്രതീക്ഷകള്‍ കരിഞ്ഞുപോകും വിധം ഒരു പിടി പ്രശ്നങ്ങളാണ് അയാള്‍ക്ക് നേരിടേണ്ടിവന്നത്. സഹായിക്കുമെന്ന് കരുതിയിരുന്നവര്‍ കൈ മലര്‍ത്തിയപ്പോള്‍ അയാള്‍ക്ക് കൂട്ടായത് അവിടെ വച്ച് പരിചയപ്പെട്ട ഒരു ചൈനീസ് പെണ്‍കുട്ടിയാണ്. ജീവിക്കാന്‍ പലതരം വേഷം കെട്ടിയാടുന്ന ചൈനീസ് പെണ്‍കുട്ടിക്കൊപ്പമായി പിന്നീടുള്ള അയാളുടെ യാത്ര. പക്ഷേ ഇതിനിടയില്‍ മുകുന്ദനെ കാണാതായി.

    മുകുന്ദനെ തിരഞ്ഞ് നാട്ടില്‍ നിന്നും സുഹൃത്തുക്കളായ അന്‍വറും സിദ്ധാര്‍ത്ഥനും ദുബായിലെത്തി. മുകുന്ദനായുള്ള തിരച്ചിലിനിടയില്‍ അവിടെ വച്ച് കമ്പനികള്‍ക്ക് തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്ന കുഞ്ഞുണ്ണി എന്നയാളെ പരിചയപ്പെടുന്നു. അവരുടെ തിരച്ചില്‍ പിന്നെയും തുടര്‍ന്നു.

    ഒട്ടേറെ സ്വപ്നങ്ങളുമായി ഗള്‍ഫിലെത്തുന്ന യുവാക്കള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലേക്ക് എത്തിനോക്കുന്ന ചിത്രമാണ് അറബിക്കഥ. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന അറബിക്കഥയില്‍ മുകുന്ദനായി വേഷമിടുന്നത് ശ്രീനിവാസനാണ്. അന്‍വറായി ഇന്ദ്രജിത്തും സിദ്ധാര്‍ത്ഥനായി ജയസൂര്യയും കുഞ്ഞുണ്ണിയായി ജഗതി ശ്രീകുമാറും അഭിനയിക്കുന്നു.

    ഏതാണ്ട് പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഇക്ബാല്‍ കുറ്റിപ്പുറമാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X