2007ല്‍ മോഹന്‍ലാലെത്താന്‍ വൈകും
2007ല്‍ മമ്മൂട്ടിയും ദിലീപും മികച്ച തുടക്കം തന്നെ കുറിച്ചു. മുന്‍നിര താരങ്ങളില്‍ ഇന്‍സ്പെക്ടര്‍ ഗരുഡ് എന്ന ചിത്രത്തിലൂടെ ദിലീപാണ് 2007ല്‍ ആദ്യം സാന്നിധ്യമറിയിച്ചത്. പിന്നാലെ മായാവിയുമായി മമ്മൂട്ടിയുമെത്തി. രണ്ട് ചിത്രങ്ങളും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്.
2006ല്‍ സൂപ്പര്‍താരങ്ങളില്‍ വന്‍വിജയങ്ങളുടെ മികവില്‍ ഒന്നാമതെത്തിയത് മോഹന്‍ലാലായിരുന്നു. വിജയങ്ങളുടെ എണ്ണത്തില്‍ മറ്റൊരു താരത്തിനും മോഹന്‍ലാലിന്റെ അടുത്തു പോലുമെത്താനായില്ല. ഏറ്റവുമൊടുവില്‍ ഡിസംബറിലെത്തിയ ബാബാ കല്യാണിയും സൂപ്പര്‍ഹിറ്റായി. എന്നാല്‍ 2006ല്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ താരത്തിന്റെ ഒരു ചിത്രം പോലും 2007ല്‍ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ പുറത്തിറങ്ങുന്നില്ല!
ഏപ്രിലില്‍ വിഷുചിത്രമായെത്തുന്ന വാസ്കോഡഗാമയിലൂടെയാണ് 2007ല്‍ മോഹന്‍ലാല്‍ തുടക്കമിടുന്നത്. ജനവരിയിലും ഫിബ്രവരിയിലുമായി ദിലീപും മമ്മൂട്ടിയും പുതിയ വര്‍ഷത്തില്‍ സാന്നിധ്യമറിയിച്ചപ്പോള്‍ മോഹന്‍ലാലിന്റെ അടുത്ത ചിത്രം നാല് മാസത്തെ ഇടവേളക്കു ശേഷമാണ് തിയേറ്ററുകളിലെത്തുന്നത്. ഡിസംബര്‍ രണ്ടാം വാരത്തിലാണ് മോഹന്‍ലാലിന്റെ ബാബാ കല്യാണി റിലീസ് ചെയ്തത്. ഏപ്രില്‍ രണ്ടാം വാരത്തില്‍ വാസ്കോഡഗാമ തിയേറ്ററുകളിലെത്തും.
മമ്മൂട്ടി രണ്ട് ചിത്രങ്ങള്‍ക്കിടയില്‍ പരമാവധി രണ്ട് മാസത്തെ ഇടവേള മാത്രമാണ് പാലിക്കുന്നത്. എന്നാല്‍ രണ്ട് സിനിമകള്‍ക്കിടയില്‍ നാല് മാസത്തെ ഇടവേള മോഹന്‍ലാലിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. 2006ലും മോഹന്‍ലാലിന്റെ ആദ്യചിത്രമെത്തിയത് ഏപ്രിലിലാണ്. 2005 ഡിസംബറില്‍ തന്മാത്രക്കു ശേഷം 2006 ജനവരിയില്‍ മോഹന്‍ലാല്‍ അതിഥി താരമായി വേഷമിട്ട കിലുക്കം കിലുകിലുക്കം റിലീസ് ചെയ്തെങ്കിലും അത് മോഹന്‍ലാല്‍ ചിത്രമായി എണ്ണാന്‍ പറ്റില്ല. 2006 ഏപ്രിലില്‍ റിലീസ് ചെയ്ത രസതന്ത്രമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ആദ്യത്തെ മോഹന്‍ലാല്‍ ചിത്രം. സൂപ്പര്‍ഹിറ്റായ രസതന്ത്രത്തിനു ശേഷം അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങള്‍ കൂടി 2006ല്‍ റിലീസ് ചെയ്തു.


Click it and Unblock the Notifications