യക്ഷിക്കഥയുമായി അനില്‍ബാബു
യക്ഷിക്കഥയുമായി അനില്‍ബാബു
ഫെബ്രുവരി 11, 2002
യക്ഷിക്കഥകള്‍ നിലയ്ക്കുന്നില്ല. ആകാശഗംഗയ്ക്കും ഇന്ദ്രിയത്തിനും ആറാമിന്ദ്രിയത്തിനും ശേഷം ബെന്നി പി.നായരമ്പലത്തിന്റെ ഈ ഭാര്‍ഗവീനിലയം എന്ന യക്ഷി സിനിമ പൂര്‍ത്തിയായതേയുള്ളൂ. അപ്പോഴേയ്ക്കും ഇതാ മറ്റൊരു യക്ഷി സിനിമ കൂടി അരങ്ങിലൊരുങ്ങുന്നു. അനില്‍ബാബുവാണ് കോമഡി ചിത്രങ്ങളില്‍ നിന്ന് യക്ഷിചിത്രത്തിലേക്ക് ചുവടുമാറ്റിച്ചവിട്ടുന്നത്. പകല്‍പൂരം എന്ന ചിത്രത്തിലൂടെ.
പകല്‍പൂരം ഒരു യക്ഷിയും മാന്ത്രികനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥയാണ് പറയുന്നത്. മുകേഷാണ് ചിത്രത്തിലെ നായകന്‍.
ഒരു മാന്ത്രികന്റെ മകനായ ഗൗരീദാസനായാണ് മുകേഷ് ചിത്രത്തില്‍ വേഷമണിയുന്നത്. യക്ഷിയെ പിടിച്ചുകെട്ടാനെത്തുന്ന ഗൗരീദാസന്റെ കാമുകിയാവുന്ന സീമന്തിനി എന്ന കഥാപാത്രത്തെ ഗീതു മോഹന്‍ദാസ് അവതരിപ്പിക്കുന്നു.
ഗീതു മോഹന്‍ദാസിനെ കൂടാതെ ഒരു നായിക കൂടിയുണ്ട് പകല്‍പൂരത്തില്‍- ഡോ. കവിതാ ജോസ് എന്ന പുതുമുഖം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഡോക്ടറാണ് കവിതാ ജോസ്.
ജഗതി ശ്രീകുമാര്‍, റിസബാവ, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ബാബു നമ്പൂതിരി, ജയശങ്കര്‍, സത്താര്‍, സുബൈര്‍, അനില്‍, യമുന, കണ്ണൂര്‍ ശ്രീലത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
രാജന്‍ കിരിയത്തിന്റേതാണ് തിരക്കഥ. അരമനവീടും അഞ്ഞൂറേക്കറും, പട്ടാഭിഷേകം, കുമാരസംഭവം എന്നീ ചിത്രങ്ങള്‍ക്കു ശേഷം അനില്‍ ബാബുവും രാജന്‍ കിരിയത്തും ഒന്നിക്കുകയാണ് പകല്‍പൂരത്തിലൂടെ.
എസ്. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് രവീന്ദ്രനാണ് ഈണം പകരുന്നത്. ജയചന്ദ്രന്‍, എം. ജി. ശ്രീകുമാര്‍, ചിത്ര, സുജാത എന്നിവര്‍ പാടുന്നു. ക്യാമറ ഷാജി.
ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരന്‍ നിര്‍മിക്കുന്ന ചിത്രം സാരഥി പിക്ചേഴ്സ് വിതരണത്തിനെത്തിക്കും.


Click it and Unblock the Notifications