»   » മലയാള സിനിമയില്‍ മക്കള്‍ തരംഗം

മലയാള സിനിമയില്‍ മക്കള്‍ തരംഗം

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ മക്കള്‍ തരംഗം
ഫെബ്രുവരി 12, 2002

രാഷ്ട്രീയത്തില്‍ മാത്രമല്ല സിനിമയിലുമുണ്ട് മക്കള്‍ മാഹാത്മ്യം. വിജയരാഘവനും മുകേഷും സായികുമാറും ഈ മക്കള്‍ മാഹാത്മ്യത്തിന് കീര്‍ത്തി കേട്ടവരാണല്ലോ. അവര്‍ക്ക് പിന്നാലെ പിതാക്കളുടെ സ്മരണയുണര്‍ത്തി യുവാക്കളായ പുതുമുഖങ്ങളെത്തുകയാണ്. മലയാളചലച്ചിത്രത്തിലെ വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായവരുടെ മക്കളാണ് ഇവരെല്ലാവരും.

സംവിധായകന്‍ ഫാസിലിന്റ മകന്‍ ഫഹാദ്, നടന്‍ സുകുമാരന്റ മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ്, സംവിധായകന്‍ ഭരതന്റെ മകന്‍ സിദ്ധാര്‍ഥ്, പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ എന്നിവരാണ് ചലച്ചിത്ര ലോകത്ത് ഭാഗ്യപരീക്ഷണവുമായെത്തുന്നത്.

ഫാസിലിന്റെ മകന്‍ ഫഹദ് അച്ഛന്റെ സിനിമയില്‍ തന്നെയാണ് നായകനാവുന്നത്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലെ നായകനെ തിരഞ്ഞുവരികയായിരുന്ന ഫാസില്‍ തന്റെ കഥാപാത്രത്തിന് പറ്റിയ മുഖം തന്റെ വീട്ടില്‍ തന്നെ കണ്ടെത്തുകയായിരുന്നു.

സുകുമാരന്റെ മകന്‍ പൃഥ്വിരാജ് രഞ്ജിത്തിന്റെ നന്ദനത്തില്‍ നായകവേഷമണിയുകയാണ്. ഇന്ദ്രജിത്ത് വില്ലന്‍ വേഷത്തിലാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിനയന്റെ ഊമപെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലും ലാല്‍ ജോസിന്റെ മീശ മാധവനിലും ഇന്ദ്രജിത്ത് വില്ലന്‍ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

കമലിന്റെ നമ്മള്‍ എന്ന ചിത്രത്തില്‍ ഭരതന്റെ മകന്‍ സിദ്ധാര്‍ഥ് ആണ് നായകരില്‍ ഒരാള്‍. ജയരാജിന്റെ കണ്ണകി എന്ന ചിത്രത്തിനു വേണ്ടി സഹസംവിധായകനായി പ്രവര്‍ത്തിച്ച സിദ്ധാര്‍ഥ് സംവിധാന മേഖലയിലും പരിചയം നേടാനുള്ള ശ്രമത്തിലാണ്.

പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ തിരക്കഥാകൃത്തായാണ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. ഫാസിലിന് വേണ്ടി അനന്തപത്മനാഭന്‍ എഴുതിയ തിരക്കഥ പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X