സിബിഐ ഓഫീസറായി സുരേഷ്ഗോപി
സിബിഐ ഓഫീസറായി സുരേഷ്ഗോപി
ഫിബ്രവരി 13, 2004
പൊലീസ് വേഷങ്ങള്‍ അവതരിപ്പിച്ച് സൂപ്പര്‍താര പദവിയിലെത്തിയ സുരേഷ് ഗോപി പൊലീസ് വേഷങ്ങളിലൂടെ ഇപ്പോള്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
അമ്പിളി സംവിധാനം ചെയ്യുന്ന ചാമന്റെ കബനി എന്ന ചിത്രത്തില്‍ സിബിഐ ഓഫീസറായ സതീഷ് ശര്‍മ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ പഴയകാല പൊലീസ് വേഷങ്ങള്‍ മാതൃകയാക്കി രൂപപ്പെടുത്തിയ കഥാപാത്രമാണ് ഈ സിബിഐ ഓഫീസര്‍. രഞ്ജി പണിക്കരുടെ ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രത്തിലും സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
മുത്തങ്ങ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചാമന്റെ കബനിയുടെ കഥ വികസിക്കുന്നത്. ആദിവാസികളായ ചാമന്റെയും കബനിയുടെയും രക്ഷകനായി എത്തുന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സുരേഷ് ഗോപി.
ചാമന്‍ എന്ന കഥാപാത്രത്തെ മാള അരവിന്ദനും കബനിയെ പുതുമുഖമായ മേഘാ രാജനും അവതരിപ്പിക്കുന്നു. സി. പി. രാജശേഖരന്‍, ഷൈലജ, ബോബന്‍ ആലുംമ്മൂടന്‍, മേഘനാഥന്‍, ഒറ്റപ്പാലം പപ്പന്‍, സാലു കൂറ്റനാട്, ശിവന്‍ ആനവിഴുങ്ങി, മാസ്റര്‍ മുന്നാ സലാം, റോമി ചന്ദ്രമോഹന്‍, ബീനാ ജോര്‍ജ്, രാജി വയനാട്, ദര്‍ശന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അമ്പിളിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് തൃശൂര്‍ വിശ്വമാണ്. മുല്ലനേഴിയുടെയും ഇ. സി. സുരേഷിന്റെയും ഗാനങ്ങള്‍ക്ക് വിദ്യാധരന്‍ സംഗീതം നല്‍കുന്നു. ജയചന്ദ്രന്‍, മധു ബാലകൃഷ്ണന്‍, ചിത്ര എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം ക്രിഷ്കൈമള്‍.
മാതാ മൂവി മേക്കേഴ്സിന്റെ ബാനറില്‍ ജേക്കേ ഇന്റര്‍നാഷണല്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് പി. രവികുമാറും പി. മധുസൂദനനും ചേര്‍ന്നാണ്.


Click it and Unblock the Notifications