ഊട്ടി സ്കൂളില്‍ നോട്ട്ബുക്കിന് പിന്നാലെ ഗോള്‍
കൗമാരപ്രായക്കാരുടെ കഥ പറയുന്ന ഒരു പരീക്ഷണ ചിത്രമായിരുന്നു നോട്ട്ബുക്ക്. ഊട്ടിയിലെ ലോറന്‍സ് സ്കൂളില്‍ ചിത്രീകരിച്ച നോട്ട്ബുക്ക് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ലോകത്തിലേക്ക് എത്തിനോക്കുന്ന പുതുമയുള്ള ചിത്രമായിരുന്നു.
മൂന്നര കോടി രൂപ മുടക്കി ഒരു സൂപ്പര്‍താര ചിത്രമെന്ന പോലെ വന്‍ബജറ്റില്‍ ഒരുക്കിയ നോട്ട്ബുക്ക് പക്ഷേ വലിയൊരു വിജയമായില്ല. നിര്‍മാതാവിന് മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവുന്ന വിജയത്തിലേക്ക് ചിത്രമെത്തിയില്ല. പ്രേക്ഷകരില്‍ നിന്നും സമിശ്ര പ്രതികരണമാണ് ഈ ചിത്രത്തിനുണ്ടായത്.
നോട്ട്ബുക്ക് വിജയിച്ചില്ലെങ്കിലും കെട്ടിലും മട്ടിലും സമാനസ്വഭാവമുള്ള മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ഗോള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്. ചിത്രീകരിക്കുന്നത് ഊട്ടിയിലെ തന്നെ മറ്റൊരു സ്കൂളില്‍. നായികാനായകന്‍മാരാകുന്നത് നോട്ട്ബുക്കിലേതു പോലെ കൗമാരപ്രായക്കാരായ പുതുമുഖങ്ങള്‍.
കഥയുടെ കാതലില്‍ രണ്ട് ചിത്രങ്ങളും വേറിട്ടുനില്‍ക്കുന്നെങ്കിലും ഊട്ടിയിലെ പോഷ് സ്കൂളുകള്‍ പശ്ചാത്തലമായി വരുന്ന നോട്ട്ബുക്കിനും ഗോളിനും കൗമാരത്തിന്റെ കഥകളാണ് പ്രമേയമാക്കുന്നത്. നോട്ട്ബുക്ക് വിജയമാവാതിരുന്നിട്ടും ഒരു വര്‍ഷം മുമ്പു തന്നെ തീരുമാനിച്ചിരുന്ന പ്രൊജക്ടുമായി മുമ്പോട്ടുപോകാന്‍ കമല്‍ തീരുമാനിക്കുകയായിരുന്നു.
രണ്ട് സ്കൂളുകള്‍ തമ്മിലുള്ള കിടമത്സരത്തിനിടയില്‍ ഫുട്ബോള്‍ മാറ്റുരയ്ക്കാനുള്ള വേദിയായി മാറുകയാണ്. ഫുട്ബോള്‍ കളിക്കു ചുറ്റുമായാണ് ഗോളിന്റെ കഥ വികസിക്കുന്നത്.
രഞ്ജിത്ത് മേനോന്‍, അക്ഷ, മുക്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ റഹ്മാന്‍, മുകേഷ്, ക്യാപ്റ്റന്‍ രാജു, സലിംകുമാര്‍, ജെന്നി എന്നീ പ്രമുഖതാരങ്ങളും വേഷമിടുന്നു.


Click it and Unblock the Notifications