twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കും വിവാദത്തില്‍

    By Staff
    |

    സൂപ്പര്‍ഹിറ്റ് മലയാള ചിത്രം മണിച്ചിത്രത്താഴ് മൂന്നാമതൊരു ഭാഷയിലേക്ക് കൂടി റീമേക്ക് ചെയ്യപ്പെടാന്‍ ഒരുങ്ങുമ്പോള്‍ വീണ്ടും വിവാദമെത്തി. നേരത്തെ കന്നഡ, തമിഴ് റീമേക്കുകള്‍ ചെയ്തപ്പോള്‍ അതിനെതിരെ തിരിഞ്ഞ മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്ത് മധു മുട്ടം തന്നെയാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്കിനെതിരെയും രംഗത്തു വന്നിരിക്കുന്നത്.

    തന്റെ അറിവോ സമ്മതമോയില്ലാതെ കഥ മണിച്ചിത്രത്താഴ് ഹിന്ദിയില്‍ റീമേക്ക് ഒരുക്കുന്ന സംവിധായകന്‍ പ്രിയദര്‍ശനും നിര്‍മാതാക്കളായ ടി-സീരിസിനുമെതിരെ കേസ് നല്‍കുമെന്ന് മധുമുട്ടം പറഞ്ഞു.

    മണിച്ചിത്രത്താഴിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയ ആളെന്ന നിലയില്‍ തന്റെ അനുവാദമില്ലാതെ ചിത്രം ഹിന്ദിയില്‍ പുനര്‍നിര്‍മിക്കുന്നത് നിയമവിരുദ്ധമാണ്. മണിച്ചിത്രത്താഴിന്റെ കന്നഡ, തമിഴ് റീമേക്കുകള്‍ക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിചാരണ നടക്കുകയാണ്. തിരക്കഥയുടെ ഉടമസ്ഥാവകാശം ഹൈക്കോടതി അനുവദിച്ചുനല്‍കിയിട്ടുണ്ട്- മധു മുട്ടം പറഞ്ഞു.

    പ്രിയദര്‍ശനും ടി-സീരീസിനും വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും അതിന് മറുപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

    അതേ സമയം തിരക്കഥയെഴുതിയ മധു മുട്ടത്തിന് അതിനുള്ള പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും കഥയില്‍ അദ്ദേഹത്തിന് ഇനി യാതൊരു അവകാശവുമില്ലെന്നും മണിച്ചിത്രത്താഴിന്റെ നിര്‍മാതാവായ അപ്പച്ചന്‍ പറഞ്ഞു. തമിഴ് റീമേക്കായ ചന്ദ്രമുഖി പുറത്തിറങ്ങിയപ്പോള്‍ തന്നെ ഹിന്ദി റീമേക്കിനുള്ള അവകാശം ടി-സീരിസിന് വിറ്റിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    ഒരു ചിത്രത്തിന്റെ കഥക്ക് പ്രതിഫലം പറ്റി നിര്‍മാതാവിന് കൈമാറിയ ശേഷം തിരക്കഥാകൃത്തിന് ആ കഥയില്‍ യാതൊരു അവകാശവുമില്ലെന്ന് കേരളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എന്‍.കൃഷ്ണകുമാര്‍ പറഞ്ഞു. കഥയുടെ കോപ്പിറൈറ്റ് മറ്റുള്ളവര്‍ക്ക് വില്‍ക്കുന്നതിനുള്ള എല്ലാ അവകാശവും നിര്‍മാതാവിനാണ്. അതിനെ എഴുത്തുകാരന് ചോദ്യം ചെയ്യാനാവില്ല- കൃഷ്ണകുമാര്‍ വ്യക്തമാക്കി.

    1994ലാണ് മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മണിച്ചിത്രത്താഴ് പുറത്തിറങ്ങുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് മധു മുട്ടം രചിച്ച തിരക്കഥ ഏറെ പ്രശംസകള്‍ പിടിച്ചുപറ്റിയിരുന്നു. 2004ലാണ് മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്കായ ആപ്തമിത്ര പുറത്തിറങ്ങുന്നത്. ആപ്തമിത്രക്കു ശേഷം രജനീകാന്തിനെ നായകനാക്കി പി.വാസു ചന്ദ്രമുഖി എന്ന പേരില്‍ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് പുറത്തിറക്കി. രണ്ട് റീമേക്കുകളും സൂപ്പര്‍ഹിറ്റുകളായിരുന്നു.

    ഈ രണ്ട് റീമേക്കുകള്‍ക്കെതിരെയും മധു മുട്ടം കോടതിയെ സമീപിച്ചത് വിവാദമായിരുന്നു. ചിത്രത്തിന്റെ സംവിധായകനായ ഫാസിലും മധു മുട്ടത്തിന് ചിത്രത്തിന്റെ കഥയില്‍ യാതൊരു അവകാശവുമില്ലെന്നാണ് പറഞ്ഞിരുന്നത്.

    ധോല്‍ എന്ന പേരില്‍ ഇപ്പോള്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന ഹിന്ദി റീമേക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അക്ഷയകുമാര്‍, വിദ്യാബാലന്‍, സുനില്‍ ഷെട്ടി എന്നിവരാണ്.

    പ്രിയദര്‍ശന്റെ റീമേക്കുകള്‍ നിയമപരമായ നടപടി നേരിടുന്നത് ആദ്യമല്ല. മലയാള ചിത്രം മാന്നാര്‍ മത്തായി സ്പീക്കിംഗിന്റെ ഹിന്ദി റീമേക്കിന് പകര്‍പ്പവകാശം വാങ്ങാത്തത് വിവാദമായിരുന്നു. കോടതിയെ സമീപിക്കാനൊരുങ്ങിയ മാന്നാര്‍ മത്തായി സ്പീക്കിംഗിന്റെ നിര്‍മാതാവിന് 75 ലക്ഷം രൂപ നല്‍കിയാണ് ഹിന്ദി ചിത്രത്തിന്റെ നിര്‍മാതാവ് സുനില്‍ ഷെട്ടി കേസൊഴിവാക്കിയത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X