ബാബു ആന്റണി തിരിച്ചെത്തുന്നു
ബാബു ആന്റണി തിരിച്ചെത്തുന്നു
ഫിബ്രവരി 17, 2004
നായകനായും വില്ലനായും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച ബാബു ആന്റണി പ്രമോദ് പപ്പന്റെ വജ്രം എന്ന ചിത്രത്തിലൂടെ സിനിമയില്‍ തിരിച്ചെത്തുന്നു. മമ്മൂട്ടി നായകനായ വജ്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിക്കുന്നത്.
മലയാളത്തിലെ ആക്ഷന്‍ ഹീറോയായി പേരെടുത്ത ബാബു ആന്റണിയുടെ തിരിച്ചുവരവ് ഒരു ഇടവേളയ്ക്ക് ശേഷമാണ്. ഇടക്കാലത്ത് അവസരങ്ങള്‍ കുറഞ്ഞ ബാബു ആന്റണിക്ക് മമ്മൂട്ടി ചിത്രത്തിലൂടെയുള്ള തിരിച്ചുവരവില്‍ പ്രതീക്ഷയുണ്ട്.
നേരത്തെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളിലൂടെ ബാബു ആന്റണിയ്ക്ക് തിരിച്ചുവരവിന് അവസരമൊരുങ്ങിയിരുന്നതാണ്. മമ്മൂട്ടി ചിത്രമായ സ്റാലിന്‍ ശിവദാസ്, മോഹന്‍ലാല്‍ ചിത്രമായ താണ്ഡവം എന്നിവയില്‍ വില്ലന്‍ വേഷങ്ങളില്‍ ബാബു ആന്റണി അഭിനയിച്ചിരുന്നതാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയപ്പോള്‍ ബാബു ആന്റണി അഭിനയിച്ച ഭാഗങ്ങള്‍ പൂര്‍ണമായും എഡിറ്റ് ചെയ്തു നീക്കിയിരുന്നു.
മാഫിയയിലെ വില്ലന്‍ വേഷത്തിലൂടെയാണ് ബാബു ആന്റണി ആക്ഷന്‍ ഹീറോയായി പേരെടുക്കുന്നത്. തുടര്‍ന്ന് ചന്ത, ബോക്സര്‍, നെപ്പോളിയന്‍, സ്ട്രീറ്റ്, ഭരണകൂടം തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി. ലോ ബഡ്ജറ്റ് ആക്ഷന്‍ ചിത്രങ്ങള്‍ കുറഞ്ഞതോടെ ബാബു ആന്റണിക്ക് അവസരങ്ങളും കുറയുകയായിരുന്നു.
വില്ലന്‍ വേഷത്തിലൂടെയാണെങ്കിലും ഇപ്പോഴത്തെ തിരിച്ചുവരവ് തനിക്ക് അവസരങ്ങള്‍ ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ബാബു ആന്റണി. ബാബു ആന്റണിയുടെ നായകവേഷങ്ങളേക്കാള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത് വില്ലന്‍ വേഷങ്ങളായിരുന്നു.


Click it and Unblock the Notifications