ഫോര്‍ ദി പീപ്പിളിന്റെ രണ്ടാം ഭാഗം വരുന്നു
ഫോര്‍ ദി പീപ്പിളിന്റെ രണ്ടാം ഭാഗം വരുന്നു
ഫിബ്രവരി 17, 2005
ജയരാജിന്റെ ഫോര്‍ ദി പീപ്പിള്‍ അപ്രതീക്ഷിതമായാണ് സൂപ്പര്‍ഹിറ്റായി തീര്‍ന്നത്. ജാസി ഗിഫ്റ്റിന്റെ സംഗീതവും യുവതാരങ്ങളുടെ ഫ്രഷ്നസും വന്‍വിജയം നേടിക്കൊടുത്ത ഈ ചിത്രത്തിന് ജയരാജ് രണ്ടാം ഭാഗമൊരുക്കാന്‍ ഒരുങ്ങുന്നു.
ഫോര്‍ ദി പീപ്പിളിലെ പൊലീസ് ഓഫീസറുടെ വേഷം അവതരിപ്പിച്ച സുനിലിനെ നായകനാക്കിയാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധ നേടിയ നടനാണ് സുനില്‍. ഫോര്‍ ദി പീപ്പിളിലേതു പോലെ രണ്ടാം ഭാഗവും ഒരു കുറ്റാന്വേഷണം കഥ പറയുന്ന ചിത്രമായിരിക്കും.
വിതരണക്കാര്‍ പോലും ആദ്യം കൈെവിട്ടൊരു ചിത്രം അപ്രതീക്ഷിതമായ ബോക്സോഫീസ് വിജയം നേടിയപ്പോള്‍ ജയരാജിന് അതിന്റെ ഹാങ്ഓവറില്‍ നിന്നും പെട്ടെന്ന് മുക്തനാവാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് അദ്ദേഹം ഫോര്‍ ദി പീപ്പിളിന്റെ മാതൃകയില്‍ റെയ്ന്‍ റെയ്ന്‍ കം എഗയ്ന്‍ എന്ന ചിത്രമൊരുക്കിയത്. എന്നാല്‍ ഈ ചിത്രം വന്‍പരാജയമാണ് നേരിട്ടത്.
ഫോര്‍ ദി പീപ്പിള്‍ പോലെ വന്‍വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷ തകര്‍ന്നതോടെ ജയരാജ് വീണ്ടും ട്രാക്ക് മാറി. വീണ്ടും കച്ചവട സിനിമയുടെ പൊതുരീതിയില്‍ നിന്നും മാറിനില്‍ക്കുന്ന ചിത്രങ്ങളിലേക്ക് അദ്ദേഹം തിരിഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മകള്‍ക്ക്, ദൈവനാമത്തില്‍ എന്നീ രണ്ട് ചിത്രങ്ങള്‍ ജയരാജ് പൂര്‍ത്തിയാക്കി.
വലിയ വിജയം പ്രതീക്ഷിച്ച് ഒരുക്കിയ ചിത്രങ്ങളല്ല ഇവ. ഏതായാലും തുടര്‍ച്ചയായി സമാന്തര സിനിമയുടെ സ്വഭാവം പ്രകടിപ്പിക്കുന്ന രണ്ട് ചിത്രങ്ങള്‍ ഒരുക്കിയതോടെ വന്‍വിജയം നേടുന്ന ഒരു തട്ടുപൊളിപ്പന്‍ മസാല ചിത്രമെടുക്കുന്നതിനെ കുറിച്ചായി ജയരാജിന്റെ ചിന്ത. അങ്ങനെയാണ് അദ്ദേഹം ഫോര്‍ ദി പീപ്പിളിന് രണ്ടാം ഭാഗമൊരുക്കാനുള്ള ആലോചനയിലെത്തിയത്.


Click it and Unblock the Notifications