പഴശിരാജയാവാന്‍ രണ്ട് സൂപ്പര്‍താരങ്ങള്‍
ഒരേ കഥാപാത്രമായി രണ്ട് സൂപ്പര്‍താരങ്ങള്‍ വെള്ളിത്തിരയിലെത്തുമ്പോള്‍ പ്രേക്ഷകര്‍ ഏത് വേഷത്തെയാവും സ്വീകരിക്കുക? മമ്മൂട്ടിയും സുരേഷ് ഗോപിയുമാണ് രണ്ട് വ്യത്യസ്ത ചിത്രങ്ങളില്‍ ഒരേ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി പഴശിരാജയാവുന്നത്. വളരെ മുമ്പേ അനൗണ്‍സ് ചെയ്ത പ്രൊജക്ടാണിത്. വയനാട്ടില്‍ ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്.
ലെനിന്‍ പഴശിരാജ ചിത്രം നേരത്തെ അനൗണ്‍സ് ചെയ്തിരുന്നെങ്കില്‍ മമ്മൂട്ടിയെ പഴശിരാജയാക്കി ഹരിഹരന്‍ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തെ കുറിച്ച് ഈയിടെയാണ് അറിയിപ്പുണ്ടായത്. മമ്മൂട്ടിയെ നായകനാക്കി വടക്കന്‍ വീരഗാഥ പോലൊരു ചിത്രം ചെയ്യാനുള്ള ഹരിഹരന്‍-എം.ടി ടീമിന്റെ പദ്ധതി പല കഥകള്‍ ആലോചിച്ചതിനു ശേഷം പഴശിരാജയുടെ വീരേതിഹാസത്തില്‍ ചെന്നെത്തുകയായിരുന്നു.
വടക്കന്‍ വീരഗാഥയിലെ കേന്ദ്രകഥാപാത്രമായ പയ്യംവെള്ളി ചന്തുവിനെ കുറിച്ച് മറ്റൊരു ചിത്രമാണ് ആദ്യം ആലോചിച്ചിരുന്നത്. അത് ഉപേക്ഷിച്ചു. പിന്നീട് പഴശി രാജയുടെ സഹായിയും പോരാളിയുമായിരുന്ന തലയ്ക്കല്‍ ചന്തുവിന്റെ കഥയില്‍ ചെന്നെത്തി. തലയ്ക്കല്‍ ചന്തുവിനെ കുറിച്ച് കൂടുതല്‍ പഠിച്ചപ്പോഴാണ് ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന്റെ വീരേതിഹാസത്തിലെ യഥാര്‍ത്ഥ നായകന്‍ പഴശിരാജ തന്നെയാണെന്നും സിനിമ പഴശിരാജയെ കുറിച്ചു തന്നെയാണ് വേണ്ടതെന്നും ഹരിഹരന്‍-എം.ടി ടീമിന് ബോധ്യപ്പെട്ടത്.
പഴശിരാജയെ കുറിച്ച് രണ്ട് ചിത്രങ്ങളൊരുങ്ങുമ്പോള്‍ അതില്‍ നായകന്‍മാരാവുന്നത് മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളാണ്. ബോക്സോഫീസില്‍ രണ്ട് സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഏത് പഴശിരാജയെ പ്രേക്ഷകര്‍ സ്വീകരിക്കും?


Click it and Unblock the Notifications