നവ്യ പിന്മാറി; വിനയന്‍ ചിത്രത്തില്‍ രേണുക നായിക
നവ്യ പിന്മാറി; വിനയന്‍ ചിത്രത്തില്‍ രേണുക നായിക
ഫിബ്രവരി 19, 2003
വിനയന്റെ മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തില്‍ നിന്ന് നവ്യാ നായര്‍ പിന്മാറി. കമലിന്റെ നമ്മളിലൂടെ ശ്രദ്ധേയയായ രേണുകാ മേനോനാണ് പകരം നായികയാവുന്നത്.
ഹിറ്റ്മേക്കറായ വിനയന്റെ ചിത്രത്തില്‍ നിന്ന് നവ്യാ നായരുടെ പിന്‍വാങ്ങലിനെ കുറിച്ച് ചില അണിയറക്കഥകള്‍ കേള്‍ക്കുന്നുണ്ട്. ചിത്രത്തിലെ മറ്റൊരു നായിക ടി വി സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ അമ്പിളിദേവിയാണെന്നതാണത്രെ പിന്‍വാങ്ങലിന്റെ കാരണം. പണ്ട് യുവജനോത്സവവേദിയില്‍ കലാതിലക പട്ടത്തെ ചൊല്ലി അമ്പിളി ദേവിയുമായി പരസ്യമായി ഇടഞ്ഞ നവ്യയ്ക്ക് അമ്പിളിയോടൊപ്പം ഒന്നിച്ചഭിനയിയ്ക്കുന്നതിന് ബുദ്ധിമുട്ടാണത്രെ.
പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. മുത്തുവെന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിയ്ക്കുന്നത്.
മുത്തുവിന്റെ സഹോദരിയാണ് പക്ഷാഘാതത്തിന് ഇരയായ മീര. സഹോദരിയെ മുത്തു ജീവന് തുല്യം സ്നേഹിക്കുന്നു. മീരയെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരികയെന്നതാണ് മുത്തുവിന്റെ സ്വപ്നം. തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ചേട്ടന് ദു:ഖമുണ്ടാക്കുന്ന ഒന്നും സംഭവിക്കാതിരിക്കാന്‍ മീര പ്രത്യേകം ശ്രദ്ധിക്കും. നല്ലൊരു കലാകാരി കൂടിയാണ് അവള്‍.
ഇതിനിടെ മായ എന്ന പെണ്‍കുട്ടി മുത്തുവിനെ നിശബ്ദം സ്നേഹിക്കുന്നു. അത് പലപ്പോഴും മുത്തുവിന് കാണാനാവുന്നില്ല.
മീരയെയാണ് അമ്പിളീദേവി അവതരിപ്പിക്കുന്നത്. മുത്തുവിന്റെ കാമുകിയായി രേണുകാ മേനോന്‍ അഭിനയിയ്ക്കുന്നു.
അനൂപ്, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സ്ഫടികം ജോര്‍ജ്, സായികുമാര്‍, സുധീഷ്, ശ്രീരാമന്‍, സാദിക്ക്, ജയിംസ്, കലാഭവന്‍ സന്തോഷ്, ഫിലോമിന, മങ്കാ മഹേഷ് എന്നിവരും ചിത്രത്തില്‍ അഭിനയിയ്ക്കുന്നു
ചിത്രത്തിന്റെ രചന വിനയന്റേതു തന്നെ. യൂസഫലി കേച്ചേരിയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു.


Click it and Unblock the Notifications