ദിലീപും മുകേഷും ഒന്നിക്കുമ്പോള്‍
ദിലീപും മുകേഷും ആദ്യമായി ഒന്നിക്കുമ്പോള്‍ ഇരുവര്‍ക്കും ലഭിച്ചിരിക്കുന്നത് ഏറെ അഭിനയപ്രാധാന്യമുള്ള നല്ല വേഷങ്ങളാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുവരും കേന്ദ്രകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
ജലസേചന വകുപ്പില്‍ എഞ്ചിനീയറായ ഷാജി പ്രഭാകരന്‍ ജീവിതത്തിലും തൊഴിലിലും ഏറെ കൃത്യനിഷ്ഠ പാലിക്കുന്നയാളാണ്. മക്കളില്ലെങ്കിലും ഭാര്യ വിമലയോടൊപ്പം സന്തുഷ്ടമായ ജീവിതമാണ് അയാള്‍ നയിക്കുന്നത്. അവര്‍ക്കൊപ്പം ഷാജിയുടെ സഹോദരി രശ്മിയും താമസിക്കുന്നുണ്ട്.
ഷാജിയുടെ പ്രസന്നത നിറഞ്ഞ കുടുംബജീവിതത്തിലേക്കാണ് വിമലയുടെ സഹോദരന്‍ വിനോദെത്തുന്നത്. ഷാജി എന്തൊക്കെയാണോ അതിന്റെ നേര്‍വിപരീതമാണ് വിനോദ്. യാതൊരു ഉത്തരവാദിത്തബോധവുമില്ലാതെ ജീവിതത്തെ കാണുന്ന ചെറുപ്പക്കാരനാണ് വിനോദ്.
എംസിഎ പാസായെങ്കിലും നല്ലൊരു ജോലി കണ്ടെത്താന്‍ വിനോദിന് കഴിഞ്ഞിട്ടില്ല. ഇടക്ക് ഒന്നു രണ്ട് ജോലികള്‍ ചെയ്യുകയും കുറച്ചുകാലം ഗള്‍ഫില്‍ ജോലി നോക്കുകയുമൊക്കെ ചെയ്തെങ്കിലും അതൊക്കെ ഓരോ കാരണം പറഞ്ഞ് മതിയാക്കി. അതൊന്നും പോരാഞ്ഞ് നാട്ടിലെ ചില ഏടാകൂടങ്ങളിലും അയാള്‍ ചെന്നുപെട്ടു.
വിനോദിനെ ഉത്തരവാദിത്തമുള്ളവനാക്കി മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിനോദിന്റെ അച്ഛന്‍ അയാളെ കൃത്യനിഷ്ഠക്കാരനായ ഷാജിയുടെ അടുക്കലേക്ക് അയച്ചത്. എന്നാല്‍ വിനോദിന്റെ വരവ് ഷാജിയുടെ ജീവിതത്തില്‍ പല പ്രശ്നങ്ങളുമുണ്ടാക്കി. വിനോദ് തന്റെ സഹോദരി രശ്മിയില്‍ കണ്ണ് വയ്ക്കുമോയെന്നായി ഷാജിയുടെ പേടി. അതൊഴിവാക്കാനായി അയാള്‍ ചില മുന്‍കരുതലുകളെടുത്തു.
ഷാജിയായി മുകേഷും വിനോദായി ദിലീപുമാണ് അഭിനയിക്കുന്നത്. വിമലയായി വേഷമിടുന്നത് തമിഴ് നടി സീതയും രശ്മിയെ അവതരിപ്പിക്കുന്നത് നോട്ട്ബുക്കിലൂടെ സിനിമയിലെത്തിയ പാര്‍വതിയുമാണ്.
മുരളി, ഇന്നസെന്റ്, നെടുമുടി വേണു, വിജയരാഘവന്‍, മാമുക്കോയ, മണികണ്ഠന്‍, സന്ദീപ്, കെ.പി.എ.സി.ലളിത, മഞ്ജുഷ, രമ്യാനമ്പ്യാര്‍, സേതുലക്ഷ്മി, അലി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.


Click it and Unblock the Notifications