മമ്മൂട്ടി പതിവ് തെറ്റിക്കുന്നു
മമ്മൂട്ടി പതിവ് തെറ്റിക്കുന്നു
ഫിബ്രവരി 20, 2005
തന്റെ ചിത്രങ്ങളില്‍ അന്യഭാഷാ നടിമാരെ നായികമാരാക്കാനാണ് മമ്മൂട്ടിക്ക് പൊതുവെ താത്പര്യം. മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൊക്കെ അന്യഭാഷാ നടിമാരാണ് നായികമാരായത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ വേഷമിട്ട നടിമാരില്‍ മിക്കവരും അന്യഭാഷക്കാരാണ്. 2004ല്‍ പുറത്തിറങ്ങിയ എല്ലാ മമ്മൂട്ടി ചിത്രങ്ങളിലും അന്യാഭാഷാനടിമാരാണ് നായികമാരായത്. വേഷത്തില്‍ മോഹിനി, ബ്ലാക്കില്‍ ശ്രേയ റെഡ്ഢി, കാഴ്ചയില്‍ പത്മപ്രിയ, വജ്രത്തില്‍ നന്ദിനി..അപരിചിതനിലും സേതുരാമയ്യര്‍ സിബിഐയിലും മമ്മൂട്ടിക്ക് നായികയുണ്ടായിരുന്നില്ല.
മലയാളിയായ നടി മമ്മൂട്ടിയുടെ നായികയായി വേഷമിട്ട ഒടുവിലത്തെ ചിത്രം പട്ടാളമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ മലയാള നടി നായികയായി ഏക മമ്മൂട്ടി ചിത്രവും ഇതുതന്നെ. ഇതില്‍ പുതുമുഖം ടെസ്സയായിരുന്നു നായിക. ടിവി അവതാരകയെന്ന നിലയില്‍ ശ്രദ്ധ നേടിയതിന് ശേഷം മമ്മൂട്ടി ചിത്രത്തില്‍ നായികയായ ടെസ്സക്ക് പട്ടാളം പരാജയമായതോടെ പിന്നീട് ഒരു ചിത്രം പോലും ലഭിച്ചില്ല.
പട്ടാളത്തിന് മുമ്പ് മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളില്‍ നായികമാര്‍ അന്യഭാഷയില്‍ നിന്നായിരുന്നു. ക്രോണിക് ബാച്ചിലറില്‍ രംഭ, ഫാന്റം പൈലിയില്‍ മാളവിക, ഡാനിയില്‍ മല്ലികാ സാരാഭായി...
മലയാളത്തില്‍ നിന്നുള്ള നടിമാര്‍ക്ക് പൊതുവെ തന്റെ നായികയെന്ന നിലയില്‍ രാശിയില്ലെന്ന ധാരണയാണെന്ന് തോന്നുന്നു അന്യാഭാഷാ നടിമാരെ നായികയാക്കാന്‍ മമ്മൂട്ടിയെ പ്രേരിപ്പിക്കുന്നത്. ഏതായാലും അന്യഭാഷാ നടിമാരെ നായികയാക്കുന്ന പതിവ് മമ്മൂട്ടി തെറ്റിക്കുകയാണ്. അതും മമ്മൂട്ടിയുടെ രാശി വളരെ നല്ല നിലയില്‍ നില്‍ക്കുമ്പോള്‍. ചിത്രീകരണം നടന്നുവരുന്ന തസ്കരവീരന്‍ എന്ന ചിത്രത്തില്‍ നായികയാവുന്നത് നയന്‍താരയാണെങ്കില്‍ അതിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തില്‍ ഗീതു മോഹന്‍ദാസാണ് നായിക.
പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന തസ്കരവീരനില്‍ നായികയായി അഭിനയിക്കാന്‍ നയന്‍താരയെത്തുന്നത് തമിഴില്‍ രജനീകാന്തിന്റെ നായികയായി വേഷമിട്ടുവെന്ന പ്രൗഢിയോടെയാണ്. തസ്കരവീരനു ശേഷം മമ്മൂട്ടി അഭിനയിക്കുന്നത് കമല്‍ ഒരുക്കുന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിലാണ് ഗീതു മോഹന്‍ദാസ് നായികയാവുന്നത്.


Click it and Unblock the Notifications