മികച്ച തുടക്കവുമായി ഡിറ്റക്ടീവെത്തി
മമ്മൂട്ടിക്കും ദിലീപിനും പിന്നാലെ ഈ വര്‍ഷത്തെ ആദ്യചിത്രവുമായി സുരേഷ് ഗോപിയുമെത്തി. ഡിറ്റക്ടീവ് എന്ന സസ്പെന്‍സ് ത്രില്ലറുമായാണ് സുരേഷ് ഗോപി 2007ല്‍ തുടക്കമിട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ സുരേഷ് ഗോപിയുടെ ഏക ഹിറ്റ്ചിത്രം ചിന്താമണി കൊലക്കേസായിരുന്നു. ഒരു സസ്പെന്‍സ് ചിത്രത്തിന്റെ വ്യത്യസ്തമായ അവതരണമാണ് ചിന്താമണി കൊലക്കേസിനെ വിജയമാക്കിയത്. ആ ജനുസില്‍ പെടുന്ന ചിത്രമാണ് ഡിറ്റക്ടീവ്.
സുരേഷ് ഗോപി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. രാഷ്ട്രീയനേതാവ് മോഹനായും അയാളുടെ അര്‍ദ്ധ സഹോദരനും പൊലീസ് ഓഫീസറുമായ ശ്യാമായുമാണ് സുരേഷ് ഗോപി വേഷമിടുന്നത്.
മോഹന്റെ ഭാര്യ രശ്മിയുടെ കൊലപാതകത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ ശ്യാം നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ചിന്താമണി പോലെ ആദ്യന്തം സസ്പെന്‍സ് നിലനിര്‍ത്താനാവുന്നുവെന്നാണ് ഡിറ്റക്ടീവിന്റെയും പ്രത്യേകത.
സിന്ധു മേനോന്‍, സായികുമാര്‍, ജഗതി, കൊച്ചിന്‍ ഹനീഫ എന്നിവര്‍ ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.


Click it and Unblock the Notifications